അടിമാലി: നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ റോഡ് നന്നാക്കാൻ കോടികൾ അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പണിയാരംഭിക്കാതെ അധികൃതർ. മെഴുകുംചാൽ- 200 ഏക്കർ റോഡ് പണി അനന്തമായി നീളുന്നതിനെതിരെയാണ് ജനകീയ പ്രതിഷേധം വീണ്ടും സജീവമായത്. ഒരു വിഭാഗം പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരാറുകാർ ടെണ്ടർ അട്ടിമറിക്കുന്നതായാണ് നാട്ടുകാർ ആക്ഷേപം ഉയർത്തുന്നത്. പഴമ്പിള്ളിച്ചാൽ - ഇരുമ്പുപാലം- മെഴുകുംചാൽ- 200 ഏക്കർ രണ്ട് റീച്ചിനായി 11.5 കോടി രൂപ നബാർഡ് അനുവദിച്ച് പൊതുമരാമത്ത് ടെണ്ടർ ചെയ്തതാണ്. ആകെയുള്ള 21.5 കിലോമീറ്റർ ദൂരം ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് അടക്കമുള്ള ജോലികൾക്കാണ് പണം അനുവദിച്ചതെന്ന് അധികൃതർ പറയുന്നു. എന്നാൽ വർഷം രണ്ടു കഴിഞ്ഞിട്ടും പണി നടന്നില്ല. കഴിഞ്ഞ ഡിസംബറിൽ ചിലയിടങ്ങളിൽ സോളിങ് ഭാഗികമായി ചെയ്തെങ്കിലും തുടർ പണികൾ നടന്നില്ല. കൊവിഡ് വ്യാപിച്ചതാണ് പണി തുടരാൻ കഴിയാതെ വന്നതെന്ന് മുടന്തൻ ന്യായവുമായി ചില അധികൃതർ രംഗത്തെത്തി. എന്നാൽ ദേശീയപാതയടക്കം പല റോഡുകളുടെയും നിർമ്മാണം ഈ സമയം ഭംഗിയായി നടന്നിരുന്നു. ഇപ്പോഴെങ്കിലും നിർമ്മാണം നടന്നില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പും തുടർന്ന് മഴക്കാലവും ചൂണ്ടിക്കാട്ടി പണി ഇനിയും നീട്ടിക്കൊണ്ടു പോകുമെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞദിവസം സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ വൈകിട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ജനകീയ സമരസമിതിയും സമരം ആരംഭിച്ചു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ റോഡിൽ വാഴയും, കപ്പയും, നെല്ലും നട്ടാണ് പ്രതിഷേധ സമരം നടത്തിയത്. വാർഡ് മെമ്പർ കെ.എസ്. സിയാദ് സമരം ഉദ്ഘാടനം ചെയ്തു. ടെണ്ടർ തുകയിൽ നിന്ന് കൂടുതലായി പണം ലഭിക്കുന്നതിന് റിവൈസ്ഡ് എസ്റ്റിമേറ്റ് ഉണ്ടാക്കാൻ കരാറുകാരൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥർ ഈ ഗൂഢശ്രമത്തിന് കൂട്ടുനിൽക്കുകയാണെന്നും പഞ്ചായത്ത് അംഗം കെ.എസ് സിയാദ് ആരോപിച്ചു. ഇതിനെതിരെയുള്ള സൂചനാപ്രതിഷേധ സമരമാണിതെന്നും ഉടൻ നിർമ്മാണ ജോലികൾ ആരംഭിക്കാത്ത പക്ഷം പ്രദേശവാസികളെ സംഘടിപ്പിച്ച് വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും സിയാദ് പറഞ്ഞു. സമരസമിതി നേതാക്കളായ ബൈജു വീണാലി, ജയിംസ് ചേന്നാട്ട്, സി.എം. ജോളി, സന്തോഷ് കോരുമ്പടത്തിൽ, വി.ടി. സതീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.
തകർന്നിട്ട് വർഷങ്ങൾ
കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ ബൈപാസ് റോഡാണ് ഇരുമ്പുപാലം- മെഴുകുംചാൽ- 200 ഏക്കർ റോഡ്. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോഴും മറ്റു സന്ദർഭങ്ങളിലും ഇതുവഴിയാണ് വാഹനങ്ങൾ ആശ്രയിക്കുന്നത്. പതിറ്റാണ്ടുകളായി തകർന്നു കിടന്ന റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ വർഷങ്ങളായി സമരമുഖത്ത് ഉണ്ടായിരുന്നു. ഒടുവിൽ പൊതുമരാമത്ത് റോഡ് ഏറ്റെടുത്തിട്ട് ഏതാനും വർഷങ്ങളായി. തുടർന്നുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡ് നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചത്.