ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ അഭ്യാസപ്രകടനവുമായി യുവാക്കൾ

കോട്ടയം: രണ്ടു യുവാക്കൾ അപകടത്തിൽ മരിച്ച് മാസങ്ങൾ തികയും മുൻപ് ഈരയിൽക്കടവിൽ വീണ്ടും ബൈക്കിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ. പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന ശക്തമാക്കിയതോടെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ ശേഷമാണ് ഇപ്പോൾ ബൈക്കിലെ അഭ്യാസ പ്രകടനങ്ങൾ.

നവംബർ 13 നും, 14 നുമായാണ് ഈരയിൽക്കടവിൽ രണ്ട് അപകടങ്ങളുണ്ടായത്. 14 നുണ്ടായ അപകടത്തിൽ ചിങ്ങവനം റെയില്‍വേ സ്റ്റേഷനു സമീപം ഇടയ്ക്കാട്ടുകൊച്ചുപറമ്പില്‍ ജോസിന്‍റെ ജോയല്‍ പി ജോസാണ് (23)മരിച്ചത്. ചിങ്ങവനത്തു മൊബൈല്‍ കടയിലെ ജീവനക്കാരനായിരുന്നു. തലേന്നു ഉച്ചയ്‌ക്കുണ്ടായ അപകടത്തിൽ പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തില്‍ (കടവില്‍പറമ്പില്‍) ഗോകുല്‍ (20) നാണ് ജീവൻ നഷ്ടമായത്. 13ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടമുണ്ടായതെങ്കിൽ, 14ന് രാത്രിയിലായിരുന്നു അപകടം. ഇതിന് ശേഷം മോട്ടോർ വാഹനവകുപ്പും പൊലീസും പരിശോധന നടത്തിയതോടെയാണ് ഇവിടെ ബൈക്ക് യാത്രക്കാർ വേഗം കുറച്ചത്.

എന്നാൽ, ഒരിടവേളയ്‌ക്കു ശേഷം ഇന്നലെ വീണ്ടും ഈരയിൽക്കടവിൽ ബൈക്കിൽ അഭ്യാസ പ്രകടനവുമായി യുവാക്കളെത്തി. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു ബൈക്ക് സ്റ്റണ്ട് ‌ചെയ്‌തുള്ള അഭ്യാസ പ്രകടനം.

പൊലീസിൽ അറിയിക്കണം

ഈരയിൽക്കടവ് റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നവരെ കണ്ടെത്തിയാൽ ഉടൻതന്നെ സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന നിർദേശം നാട്ടുകാർക്ക് പൊലീസ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും വാഹനത്തിന്റെ നമ്പരുണ്ടായിരുന്നില്ല. സ്റ്റണ്ടിംഗ് നടത്തിയ മൂന്നു ബൈക്കുകളും നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ ശേഷമാണ് ഇവിടെയെത്തിയത്. വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്‌ക്കും ബൈക്ക് യാത്രക്കാരുടെ സംഘം സ്ഥലത്ത് നിന്നും രക്ഷപെട്ടിരുന്നു.

പരിശോധന ശക്തമാക്കും

ഈരയിൽക്കടവിൽ അപകടം ഒഴിവാക്കുന്നതിനായി പരിശോധന ശക്തമാക്കും. റോഡിൽ സ്റ്റണ്ടിംഗ് നടത്തുന്നവരുടെ ചിത്രങ്ങളും വീഡിയോയും പകർത്താൻ നിർദേശം നൽകിയിട്ടുണ്ട്. അമിതവേഗവും, അഭ്യാസവും കണ്ടാൽ നടപടിയെടുക്കും.

ബിൻസ് ജോസഫ്

എസ്.എച്ച്.ഒ

ചിങ്ങവനം