കോട്ടയം: കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് തുടങ്ങിയതോടെ ടൂറിസം മേഖലയിലും അനുകൂല ചലനം. കുമരകത്തെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ ഹൗസ്ബോട്ട് മേഖലയ്ക്ക് വാക്സിന്റെ വരവ് ഗുണം ചെയ്തുതുടങ്ങി.
എട്ട് മാസത്തോളമായി നിശ്ചലമായിരുന്ന ഹൗസ്ബോട്ടുകൾ ക്രിസ്മസ്, ന്യൂഇയർ ദിവസങ്ങളിലാണ് ചലിച്ചു തുടങ്ങിയത്. കുമരകത്ത് നല്ലൊരു ശതമാനം ഹൗസ് ബോട്ടുകൾക്കും സഞ്ചാരികളെ കിട്ടുന്നുണ്ട്. കേരളത്തിന് പുറമേ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളും എത്തിത്തുടങ്ങി. കൊച്ചി-കുമരകം-മൂന്നാർ പാക്കേജായി മുംബയ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ബുക്കിംഗുകളുമായി. എന്നാൽ വിദേശികൾ തീരെയില്ല. വാക്സിൻ വന്നതോടെ അവരും എത്തുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.
ഇളവ് വേണം
വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈനാണ് വെല്ലുവിളി. ടൂറിസ്റ്റുകൾക്ക് ക്വാറന്റൈനിൽ ഇളവ് അനുവദിക്കണമെന്നാണ് ഹൗസ്ബോട്ട് ഉടമകളുടെ ആവശ്യം. വിദേശങ്ങളിൽ നിന്നുള്ള വിമാനസർവീസ് സജീവമാവാത്തതും തടസമാണ്.
അവധി ദിവസങ്ങളിൽ തിരക്ക്
കുമരകത്ത് ഇരുന്നൂറോളം ഹൗസ് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. അവധി ദിവസങ്ങളിൽ ഭൂരിഭാഗം ബോട്ടുകൾക്കും ഓട്ടമുണ്ട്. ടൂറിസ്റ്റ് പാക്കേജുകളായതിനാൽ ടാക്സിക്കാരും പ്രതീക്ഷയിലാണ്. കൊവിഡ് വ്യാപനത്തിൽ കാര്യമായ കുറവുണ്ടായാൽ ഈ മേഖല പഴയ പ്രതാപത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
'' കൊവിഡ് വാക്സിൻ വിതരണം തുടങ്ങിയതോടെ ടൂറിസംമേഖല വീണ്ടും ഉണർന്നിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ കുറവാണ് വെല്ലുവിളി. കഴിഞ്ഞ ജനുവരിയിലെ അത്രയുമില്ലെങ്കിലും തരക്കേടില്ലാത്ത തിരക്കുണ്ട് പുതുവർഷത്തിൽ. ഈ നിലയിൽ പോയാൽ വൈകാതെ മേഖല കരകയറും''
ഹണി ഗോപാൽ, ഹൗസ് ബോട്ടുടമ