പാലാ: റിട്ട. ഡി.ഐ.ജി. ജേക്കബ് തോപ്പൻ വീണ്ടും പാലായിലെ നീന്തൽകുളത്തിലിറങ്ങി; പോയകാലത്തെപ്പോലെ ഓളപ്പരപ്പുകളിൽ റെക്കാഡ് ഇടാനല്ല, പുതുതലമുറയെ നീന്തൽ പഠിപ്പിക്കാൻ.
ജമ്മു കാശ്മീരിൽ സി.ആർ.പി.എഫിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഇദ്ദേഹം വിരമിച്ചത്.
പാലാ മുനിസിപ്പൽ സ്റ്റേഡിയം കോംപ്ലക്സിലെ നീന്തൽകുളം കരാറിലെടുത്ത് ജേക്കബും നീന്തൽ തറവാടായ വെള്ളിയേപ്പിള്ളി തോപ്പൻസിലെ സഹോദരങ്ങളും ചേർന്നാണ് പരിശീലന ക്ലാസ് ആരംഭിച്ചിട്ടുള്ളത്. പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്ക് തികച്ചും സൗജന്യമാണ് .
മുൻ അന്താരാഷ്ട്ര നീന്തൽ താരം കൂടിയായ ജേക്കബിനും സഹോദരങ്ങളായ ജോയി, തോമസ്, മാത്യു എന്നിവർക്കൊപ്പം ഇതിഹാസ നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിൽസൻ ചെറിയാനും പരിശീലകനായുണ്ട്. നീന്തലിൽ പാലായുടെ ഗതകാല പ്രശസ്തി തിരിച്ചുപിടിക്കുകയെന്നതു തന്നെയാണ് ഈ അന്തർദ്ദേശീയ ചാമ്പ്യന്മാരുടെ ലക്ഷ്യം. നീന്തലറിയാവുന്നവർക്ക് വിനോദത്തിനും വ്യായാമത്തിനുമായി നീന്തുവാനും സൗകര്യമൊരുക്കും. വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങി ഏതു മേഖലയിലുള്ളവർക്കും ആരോഗ്യ സംരക്ഷണത്തിനായി നീന്താൻ കുളം രാത്രി പത്തു മണി വരെ ഉപയോഗിക്കാം.
ദിവസവും 12 മുതൽ 4 മണി വരെ സ്കൂൾ ബാച്ചുകൾക്ക് മാത്രമാണ് പ്രവേശനം. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനായി തെർമൽ സ്കാനർ, പൾസ് ഓക്സിമീറ്റർ, സാനിട്ടൈസർ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. മാർച്ചിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേർസ് മീറ്റിനുള്ള ജില്ലാ ടീമിന്റെ പരിശീലനമാണിപ്പോൾ ആരംഭിച്ചിട്ടുള്ളത്
വിളിക്കാം, ഫോൺ:
8943555555,
9961712365
രാവിലെയും വൈകിട്ടുമായി നാലുമണിക്കർ മത്സര നീന്തൽ പരിശീലനമാണിപ്പോൾ തുടങ്ങിയിട്ടുള്ളത്. ഇതോടൊപ്പം പ്രായഭേദമന്യേ എല്ലാവർക്കും നീന്തൽ പഠിക്കാനായി രാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസുമുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക വിഭാഗവും വനിതാ പരിശീലകരുമുണ്ട്. പാലാ മുനിസിപ്പാലിറ്റി നിശ്ചയിച്ചിരിക്കുന്ന ഫീസേ ഈടാക്കൂ.
- ടി.ജെ. ജേക്കബ്, ജോയി തോപ്പൻ