പാലാ: കെ.എസ്.ആർ.ടി.സി. കോംപ്ലക്‌സ് നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് എം.ഡി. ബിജു പ്രഭാകർ രണ്ട് തവണ നിർദ്ദേശം നൽകിയിട്ടും അനുസരിക്കാഞ്ഞ പാലാ എ.ടി. ഒ.യെ സുൽത്താൻ ബത്തേരിക്ക് പറപ്പിച്ചു.! നിലച്ചുപോയ കെട്ടിടം പണി ഉടൻ പുനരാരംഭിക്കുന്നതിനായി കോട്ടയം കളക്ടറെ കാണണമെന്നുള്ള നിർദ്ദേശം പാലിക്കാൻ എ ടി.ഒ. ഷിബു തയ്യാറായില്ല . താനും കോംപ്ലക്‌സ് നിർമ്മാണവുമായി ബന്ധവുമില്ലെന്നായിരുന്നു ഷിബുവിന്റെ നിലപാട്. കെ.എം.മാണി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5 കോടി മുടക്കിയാണ് കോംപ്ളക്സിന്റെ നിർമാണം ആരംഭിച്ചത്.
നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിവിൽ വിഭാഗത്തിൽ മാത്രമെ ഉള്ളൂവെന്നും അവരാണ് നിർമ്മാണത്തിന് ഭരണാനുമതിയും ടെൻഡറും നൽകിയതെന്നുമായിരുന്നു ഷിബുവിന്റെ വാദം. എന്നാൽ ഇത് എം.ഡിയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞുമില്ല. 14 ന് സുൽത്താൻ ബത്തേരിക്ക് സ്ഥലം മാറ്റി ഓർഡർ കിട്ടിയപ്പോൾ നിവേദനവുമായി സമീപിച്ചെങ്കിലും എ.ടി. ഒ.യെ കാണാൻ പോലും എം. ഡി കൂട്ടാക്കിയില്ല.
നാലര വർഷമായി പാലായിലെ കോംപ്ലക്‌സിന്റെ പണി നിലച്ചിരിക്കുകയാണ് . കെട്ടിടം പണി അവസാനഘട്ടമെത്തിയെങ്കിലും കോൺട്രാക്ടർക്ക് കൃത്യമായി പണം നൽകാഞ്ഞതിനാലാണ് നിലച്ചതെന്ന് പറയപ്പെടുന്നു.