prakas

കോട്ടയം: ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എട്ടിൽ ആറ് പഞ്ചായത്തിലും യു.ഡി.എഫ് തോറ്റതിന് ഈഴവ സമുദായാംഗമായ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.കെ.പ്രകാശനെ മാത്രം രാജിവെപ്പിച്ചു. തന്നെ മാത്രം ബലിയാടാക്കാനുള്ള ഗൂഢ നീക്കമാണ് നടന്നതെന്ന് പ്രകാശൻ പറയുന്നു. കേരളത്തിൽ യു.ഡി.എഫിനുണ്ടായ തോൽവിക്ക് കാരണം ഈ. കെ. പ്രകാശനോ എന്ന തലക്കെട്ടിലുള്ള ഫേസ് ബുക്ക് പോസ്റ്റ് വൈറലായതോടെ ഡി.സി.സി നേതൃത്വത്തിന്റെ പിന്നാക്ക വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. സ്ഥാനാർത്ഥികളെ കണ്ടെത്താൻ രൂപീകരിച്ച ഒമ്പതംഗ കമ്മറ്റിയിൽ ഒരാൾ മാത്രമായിരുന്നു പ്രകാശൻ. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സാം. കെ. വർക്കിക്കെതിരെ പോലും നടപടിയില്ല .

"40 വർഷം കോൺഗ്രസ്‌ ജയിച്ച പൊങ്ങൻപാറ വാർഡിൽ സാം അടക്കമുള്ളവർ കണ്ടെത്തിയ സ്ഥാനാർത്ഥി തോറ്റു . ലതാമോഹൻ, ലതാകുമാരി എന്നിവരെ ജാതി പറഞ്ഞുതോൽപ്പിച്ചു. ഇതിന് താൻ ഉത്തരവാദിയാണോയെന്ന് പ്രകാശൻ ചോദിക്കുന്നു . ഡി.സി.സി പ്രസിഡന്റിന്റെ വാകത്താനം പഞ്ചായത്തിൽ 40 വർഷത്തിനു ശേഷം ഭരണം പോയി. മണർകാട്, കൂരോപ്പട, അകലക്കുന്നം, പാമ്പാടി, പഞ്ചായത്തുകൾ നഷ്ടപെട്ടിട്ടും ക്രൈസ്തവരായ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നട‌പ‌ടിയെടുത്തില്ല.

പുതുപ്പള്ളിയിൽ ഇന്ന് കോൺഗ്രസ്‌ പാർട്ടി വർഗീയതയുടെ മൂർത്തീഭാവമായി മാറുകയാണ്. കെ. ബി. ഗിരീശനെന്ന ഈഴവൻ പ്രസിഡന്റ് ആയപ്പോഴും ഇതായിരുന്നു അനുഭവം. എന്നെ മാറ്റാനും പകരം സാം കെ. വർക്കിയെ പ്രസിഡന്റ്‌ ആക്കാനും മുകളിൽ നിന്ന് തീരുമാനം എടുത്തിട്ടുണ്ടന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിവച്ചത്. ആറു പഞ്ചായത്തിൽ ഭരണം പോയിട്ട് ഈഴവനായ എന്നെ മാത്രമാണ് മാറ്റിയത്. ശ്രീനാരായണ ഗുരുദേവൻ പിറവിയെടുത്ത ഈഴവ സമുദായത്തിൽ ജനിച്ചതിൽ അഭിമാനമേയുള്ളുവെന്നും പ്രകാശൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.