കട്ടപ്പന: മഹാപ്രളയത്തിൽ കനത്ത നാശമുണ്ടായ ശംഖുരുണ്ടാൻ കോളനിയിലെ താമസക്കാരുടെ പുനരധിവാസം വൈകുന്നു. ഇടിഞ്ഞുവീഴാറായ വീടുകളിൽ ഭീതിയോടെയാണ് ഇപ്പോഴും ഇവിടത്തുകാർ കഴിയുന്നത്. 2018 ലെ മഹാപ്രളയത്തിനുശേഷം കോളനിയെ പ്രളയബാധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ടരവർഷം പിന്നിട്ടിട്ടും ദുരിതബാധിതരെ മാറ്റി പാർപ്പിക്കാനുള്ള നടപടി പോലുമായില്ല. 45ൽപ്പരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അഞ്ച് പതിറ്റാണ്ടിലധികമായി ഇവിടെ കഴിയുന്ന പലർക്കും പഞ്ചായത്തിൽ നിന്ന് സർട്ടിഫിക്കറ്റുകൾ പോലും ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രളയത്തിൽ കേടുപാട് സംഭവിച്ച പല വീടുകളും നിലംപൊത്താറായ നിലയിലുമാണ്. പഞ്ചായത്തിൽ വീടിനായി അപേക്ഷ നൽകിയെങ്കിലും പ്രളയബാധിത മേഖലയായതിനാൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ മറുപടി. അതേസമയം അടുത്തിടെ ഇവിടെ റോഡ് ഫണ്ട് അനുവദിച്ച് കോൺക്രീറ്റ് ജോലികൾ നടത്തിയതായും പറയുന്നു.