പാലാ: ഒരു മണിക്കൂർ കൊണ്ടു ചെയ്യാവുന്ന ഒരു കൗൺസിൽ തീരുമാനം ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പാക്കാൻ കഴിയാതെ പാലാ നഗരസഭാ അധികൃതർ.
നഗരമധ്യത്തിൽ ടൗൺ ബസ് സ്റ്റാൻഡിനു സമീപം മെയിൻ റോഡിൽ നിന്ന് റിവ്യൂ റോഡിലേക്കുള്ള തുടക്കത്തിൽ ഗ്രില്ല് തകർന്ന് അപകടക്കെണിയായതിനാൽ ഇതു വഴി ഭാരവണ്ടികൾ കയറ്റിവിടില്ലെന്നായിരുന്നു ആദ്യ കൗൺസിൽ യോഗത്തിന്റെ തീരുമാനം. ഒപ്പം ഭാരവണ്ടികൾ ഇതുവഴി നിരോധിച്ചിരിക്കുന്നു എന്ന സൂചനാ ബോർഡ് സ്ഥാപിക്കാനും യോഗം തീരുമാനിച്ചിരുന്നു. പക്ഷേ, എന്നിട്ടെന്തായി....? ഒരാഴ്ച കഴിഞ്ഞിട്ടും ഒരു അറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാൻ നഗരസഭാ അധികൃതർക്ക് കഴിഞ്ഞില്ല.

ദിവസവും ടോറസുകൾ ഉൾപ്പെടെ നൂറുകണക്കിന് ഭാരവണ്ടികളാണ് നഗരസഭയുടെ തീരുമാനത്തിന് പുല്ലുവില കൽപ്പിച്ച് ഇതുവഴി കടന്നുപോകുന്നത്. പി.ഡബ്ലിയു.ഡി അധികൃതർ വീപ്പ വെച്ചു മറച്ച അപകടക്കുഴി ഓരോ ദിവസവും വലുതാവുന്നു. ഒപ്പം അപകടങ്ങളുമേറുന്നു.

ആദ്യ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ അംഗം തന്നെയാണ് വിഷയം ഉയർത്തിക്കൊണ്ടുവന്നത്. ചെയർമാൻ ഉൾപ്പെടെ ഭരണ പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം ഇതിനെ അനുകൂലിക്കുകയും ചെയ്തു. എന്നിട്ടും കാര്യങ്ങളൊന്നും നടന്നില്ല.മാത്രമല്ല കഴിഞ്ഞ കൗൺസിലിന്റെ കാലത്തും ഇതുവഴിയുള്ള ഭാരവണ്ടികളുടെ ഓട്ടം നിരോധിക്കാനും ഇതു സംബന്ധിച്ച ബോർഡ് വെയ്ക്കാനും തീരുമാനമെടുത്തിരുന്നു. ടൗൺ വാർഡിലെ അന്നത്തെ കൗൺസിലറാണ് ഇത്തവണയും കൗൺസിലറായത്. എന്നാൽ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ട കൗൺസിലർ ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നാണ് വ്യാപാരികളും യാത്രക്കാരുമൊക്കെ ആരോപിക്കുന്നത്.

ഒറ്റയാൾ സമരം


വിഷയത്തിൽ നഗരഭരണാധികാരികളുടെ 'കണ്ണ് തുറപ്പിക്കാൻ ' ഇന്ന് അപകടക്കുഴിയ്ക്ക് സമീപം ഒറ്റയാൾ സമരം. പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലാണ് ഇന്ന് രാവിലെ 11 മുതൽ ഇവിടെ സത്യാഗ്രഹമിരിക്കുന്നത്. 'ഭാരവണ്ടികൾ നിരോധിച്ചു' എന്ന ബോർഡെങ്കിലും ഇന്ന് സ്ഥാപിക്കാത്ത പക്ഷം നാളെ മുതൽ നഗരസഭാ ചെയർമാന്റെ ചേംബറിന് മുന്നിലേക്ക് സമരം മാറ്റുമെന്നും ജോയി കളരിക്കൽ പറഞ്ഞു.