പാലാ: ടൗൺ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് കഴുകി വൃത്തിയാക്കി സ്വന്തമായി പെയിന്റടിച്ച് ഹോം ഗാർഡ് ചാക്കോ.

കൊവിഡിനെ തുടർന്ന് അടച്ച എയ്ഡ് പോസ്റ്റ് മാസങ്ങൾക്കു ശേഷമാണ് കഴിഞ്ഞ ദിവസം തുറന്നത്. പാറ്റയും പല്ലിയും പഴുതാരയും മുതൽ വെള്ളപ്പൊക്കത്തിൽ കയറിയ ചെളിയും മണ്ണും വരെ എയ്ഡ് പോസ്റ്റ് കെട്ടിടത്തിൽ നിറഞ്ഞിരുന്നു.

'കേരള കൗമുദി ' വാർത്തയെ തുടർന്ന് പാലാ ഡിവൈ.എസ്. പി. സാജു വർഗ്ഗീസ് ഇടപെട്ടാണ് ശനിയാഴ്ച എയ്ഡ് പോസ്റ്റ് തുറന്നത്. എ.എസ്.ഐ. ആനന്ദും ഒരു പൊലീസുകാരനുമാണ് തുറക്കാനെത്തിയത്. ചെളിയും മണ്ണും നീക്കി കഴുകി ഒരു തച്ച് പണി എ.എസ്.ഐ ആനന്ദൻ തനിയെ ചെയ്തു. ഇടയ്ക്ക് നഗരസഭാ ജീവനക്കാരും സഹായിക്കാനെത്തി.

ഞായറാഴ്ചയിലെ അവധി ദിനത്തിൽ മുറി കഴുകാനും പെയിന്റ് ചെയ്യാനും തയാറായി ഹോം ഗാർഡ് ചാക്കോ മുന്നോട്ടുവരികയായിരുന്നു. ഇന്നലെ രാവിലെ 9 മുതൽ ആരംഭിച്ച ശുചീകരണം ഉച്ചയ്ക്ക് 2 മണിയോടെയാണ് അവസാനിച്ചത്. ചാക്കോ ഒറ്റയ്ക്കാണ് പെയിന്റിംഗ് തുടങ്ങിയത്. ഇന്നലെ ബൈക്ക് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നെങ്കിലും വിശ്രമ സമയത്ത് എ എസ്.ഐ ആനന്ദനും ചാക്കോയെ സഹായിക്കാനായി ബ്രഷ് കൈയിലെടുത്തു. എയ്ഡ് പോസ്റ്റിനുൾവശം മുഴുവൻ പെയിന്റടിച്ച് ഭംഗിയാക്കി. വരും ദിവസങ്ങളിൽ പുറം ഭിത്തിയിലും ചായം പൂശും.

മുത്തോലി വെട്ടിമറ്റം കുടുംബാംഗമായ ചാക്കോ സൈന്യത്തിൽ ബംഗാൾ എഞ്ചിനീയറിംഗ് ഗ്രൂപ്പിലായിരുന്നു. ആ ഡിവിഷന്റെ വോളിബോൾ ടീമിലും അംഗമായിരുന്നു. കഴിഞ്ഞ 6 വർഷമായി പാലാ ട്രാഫിക് പൊലീസ് യൂണിറ്റിൽ സേവനമനുഷ്ഠിച്ചു വരികയാണ്.
എയ്ഡ് പോസ്റ്റ് വൃത്തിയാക്കിയ ചാക്കോയെ പാലാ ഡിവൈ.എസ്.പി സാജു വർഗ്ഗീസ്, സി.ഐ. അനൂപ് ജോസ്, ട്രാഫിക് എസ്.ഐ സതീശൻ തുടങ്ങിയവർ അഭിനന്ദിച്ചു.