അടിമാലി: കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ കല്ലാർകുട്ടി, പത്തു ചെയിൻ നിവാസികളുടെ പട്ടയ നടപടികൾ ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരവുമായി രംഗത്ത്. കല്ലാർകുട്ടി നിവാസികൾക്ക് ഏഴു പതിറ്റാണ്ടായി പട്ടയം എന്നത് ഒരു സ്വപ്നം മാത്രമാണ്. അയ്യപ്പൻകോവിൽ ഉപ്പുതറ തുടങ്ങിയ പ്രദേശങ്ങളിലും ഇരട്ടയാർ ഡാമിന്റെ പത്ത് ചെയിൻ പ്രദേശത്തും പട്ടയം നൽകിയ സർക്കാർ കല്ലാർകുട്ടിയിലെ കർഷകരുടെ സമരങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഇവർ ആരോപിച്ചു. എത്രയും പെട്ടെന്ന് സർക്കാർ പട്ടയ നടപടികൾ നടത്തിയില്ലെങ്കിൽ വലിയ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യോഗം അഭിപ്രായമുയർന്നു. പട്ടയ അവകാശ സംരക്ഷണ വേദിയുടെ ചെയർമാൻ പി.വി. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ സാജു സ്‌കറിയ സ്വാഗതം പറഞ്ഞു. കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണ വേദിയുടെ മുഖ്യരക്ഷാധികാരിയും കല്ലാർകുട്ടി സെന്റ് ജോസഫ് ചർച്ച് വികാരിയുമായ ഫാ. സന്തോഷ് ഇലവുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. കല്ലാർകുട്ടി പട്ടയ അവകാശഅവകാശ സംരക്ഷണ വേദിയുടെ ജനറൽ കൺവീനർ ജയിൻസ് യോഹന്നാൻ വിഷയാവതരണം നടത്തി. കൺവീനറും വെള്ളത്തൂവൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോൺസൺ കെ.ബി മുഖ്യപ്രഭാഷണം നടത്തി.