കുമരകം : കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്റെപ്രവർത്തനങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനും കേരളമാതൃകയിൽ ഉത്തരവാദിത്ത ടൂറിസം മദ്ധ്യപ്രദേശിലും നടപ്പിലാക്കാനും എത്തിയ സംഘം ഇന്ന് മടങ്ങും. മദ്ധ്യപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂറിന്റെ നേതൃത്വത്തിലെത്തിയ സംഘം സംരംഭകരുമായും കർഷകരുമായും സംവദിക്കുകയും ഉത്തരവാദിത്ത ടൂറിസം പിറവിയെടുത്ത കുമരകത്തെയും സമീപ പഞ്ചായത്തകളിലെയും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലേക്ക് സോംഗ് റിസോർട്ടിൽ വച്ച് നടന്ന സംവാദത്തിൽ മദ്ധ്യപ്രദേശും കേരളവും പരസ്പര ധാരണയോടെ പ്രവർത്തിക്കുമ്പോൾ രണ്ട് സംസ്ഥാനങ്ങളുടേയും വിനോദസഞ്ചാര വികസനം വേഗത്തിൽ സാദ്ധ്യമാകുമെന്ന് വിലയിരുത്തി. ഗ്രാമീണ ജനങ്ങൾക്ക് പോലും നേട്ടം കൈവരിക്കാനും ന്യായമായ വരുമാനം നേടാനും സാധിക്കുമെന്ന് കുമരകത്തെ റെസ്‌പോൺസബിൾ ടൂറിസം ഇതിനോടകം തെളിയിച്ചതായി സംരഭകർ ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെ വിത്തുവട്ടിൽ ഫിലിപ്പ് വി കുര്യന്റെ ജൈവ കൃഷിയിടം സന്ദർശിച്ച സംഘം തുടർന്ന് വിനോദ് മാലിക്കായിലിന്റെ കരകൗശല നിർമ്മിതികൾ കണ്ടു.