-rd-tarng

മണർകാട്: മണർകാട് വൺവേ ബൈപ്പാസ് റോഡിലെ കുഴികൾക്ക് ശാപമോക്ഷമായി. റീടാറിംഗ് ആരംഭിച്ചു. ഒരു വർഷമായി ശോച്യാവസ്ഥയിലായിരുന്ന റോഡിനാണ് പരിഹാരമായത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കേരള കൗമുദി ഫ്ലാഷ് നിരന്തരം വാർത്തകൾ നൽകിയിരുന്നു. തുടർന്നാണ് ഇന്നലെ മുതൽ റോഡ് റീടാറിംഗ് ആരംഭിച്ചത്. വൺവേ ബൈപ്പാസ് റോഡ് ആരംഭിക്കുന്ന ഭാഗം മുതൽ പഴയ കെ.കെ റോഡ് വരെയാണ് ടാറിംഗ് പുരോഗമിക്കുന്നത്. പൊതുമരാമത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണം. മഴപെയ്യുന്നതിനെ തുടർന്ന് കുഴികളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. താത്കാലികമായി വെള്ളക്കെട്ടിനു മുകളിൽ മണ്ണ് ഇട്ട് നികത്തി അധികൃതർ തടിതപ്പിയിരുന്നു. കല്ലും മണ്ണും നിറഞ്ഞ കുഴികൾ വീണ്ടും കനത്ത മഴയെ തുടർന്ന് പഴയ സ്ഥിതിലായി. വൺവേ റോഡ് ആരംഭിക്കുന്ന ഇടം മുതൽ പഴയ കെ.കെ റോഡ് വരെ വലുതും ചെറുതുമായ നിരവധി കുഴികളാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും വില്ലനായി മാറിയിരുന്നത്. അയർകുന്നം, പുതുപ്പള്ളി, കോട്ടയം എന്നിവിടങ്ങളിൽനിന്ന് പാമ്പാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരിഞ്ഞുപോകുന്ന മണർകാട്-അയർകുന്നം റോഡിലെ ബൈപ്പാസ് കവലയിലും പഴയ കെ.കെ റോഡിലുമാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇത് ഗതാഗത കുരുക്കിനും ഇടയാക്കുന്നു. മുൻപ് മണർകാട് ജംഗ്ഷനിൽ രൂപപ്പെട്ടിരുന്ന മണിക്കൂറുകൾ നീളുന്ന കുരുക്കിന് പുതിയ ഗതാഗതപരിഷ്‌കാരത്തിലൂടെ മോചനമായിരുന്നു. മൂന്നു വഴികൾ ചേരുന്ന പ്രധാന കവലയും ചങ്ങനാശേരി-ഏറ്റുമാനൂർ ബൈപ്പാസ് റോഡ് ഉൾപ്പെടെ അഞ്ച് വഴികൾ ഒത്തുചേരുന്ന കിഴക്കേകവലയുമാണ് ഇവിടെയുള്ളത്. വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്ന ഭാഗം ഇന്റർലോക്ക് കട്ടകൾ പാകിയിരുന്നെങ്കിലും ഇവിടവും തകർന്ന നിലയിലായിരുന്നു. റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗതപരിഷ്‌കാരത്തിന് മുൻപുണ്ടായിരുന്ന രീതിയിലാണ് വാഹനങ്ങൾ പോകുന്നത്.