അടിമാലി: ഉത്പാദനം തീരെയില്ലാത്ത സമയത്ത് കൊക്കോയ്ക്ക് നല്ല വില, എന്നാൽ ഉത്പാദനം വർദ്ധിച്ച് തുടങ്ങുന്നതോടെ വില കൂപ്പ് കുത്തും. കുറേനാളായി ഇത്തരത്തിൽ പ്രതീക്ഷ നൽകി പിൻവലിയുന്ന രീതി തെലഞ്ഞലൊന്നുമല്ല കർഷകരെ വലയ്ക്കുന്നത്. രോഗ ബാധയിലും വിലയിടിവിലും നട്ടം തിരിയുകയാണ് ഹൈറേഞ്ചിലെ കൊക്കോ കർഷകർ.ഒരു കാലത്ത് ഹൈറേഞ്ചിലെ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഉയർന്ന സ്ഥാനവും ലഭിച്ചിരുന്നു. മഴക്കാലമെന്നോ വേനൽകാലമെന്നോ വേർതിരിവില്ലാതെ എക്കാലത്തും വിളവെടുപ്പ് നടത്താനാകുമെന്ന പ്രത്യേകതയും കർഷകരെ കൂടുതലായി കൊക്കോ കൃഷിയിലേയ്ക്ക് ആകർഷിച്ചിരുന്നു. എന്നാൽ വിലയിടിവും ഉത്പാദനക്കുറവും ഒപ്പം ചെടികൾക്ക് പലപ്പോഴും രോഗബാധയും കൂടിയായപ്പോൾ കർഷകർ വല്ലാതെ നിരാശരാവുകയാണ്. സമീപകാലങ്ങളിൽ രോഗ ബാധമൂലം കൊക്കോ മരങ്ങൾ ചുവടോടെ ഉണങ്ങി നശിക്കുന്ന അവസ്ഥയുണ്ട്.മരുന്നെത്ര പ്രയോഗിച്ചാലും കായ്കൾ ചീഞ്ഞ് പോകുന്നതും പൂക്കൾ കൊഴിഞ്ഞ് പോകുന്നതും തടയാൻ കർഷകർക്കാവുന്നില്ല.എല്ലാത്തിനും പുറമെ വിലയിടിവ് കൂടിയാകുമ്പോൾ മുമ്പോട്ട് പോകാനാവാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു..കാലാവസ്ഥയുടെയും മണ്ണിന്റെയും ഘടനയിൽ വന്നിട്ടുള്ള മാറ്റം കൊക്കോ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാതായതോടെ പല കർഷകരും കൊക്കോ കൃഷിയിൽ നിന്നും പിൻവലിയുകയാണ്.