vot

കോട്ടയം: സ്വാതന്ത്ര്യത്തിന് മുമ്പ് കേരളത്തിൽ നിയമസഭ അടക്കമുള്ള സംവിധാനങ്ങൾ നില നിന്നിരുന്നു. തിരുവിതാകൂർ രാജ കുടുംബമായിരുന്നു ഇതിന് മുൻകൈയെടുത്തത്. ഇന്ത്യയിൽ നാട്ടുരാജ്യങ്ങളിൽ ആദ്യം നിയമനിർമാണസഭ രൂപീകരിച്ചത് തിരുവിതാംകൂറിലാണ്. 1888 മാർച്ച് 30ന് . എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റീവ് കൗൺസിലിന് മൂന്നു വർഷമായിരുന്നു കാലാവധി. മൂന്നു വർഷത്തിനുള്ളിൽ 32 തവണ കൗൺസിൽ കൂടി. ഭരണത്തിൽ വ്യത്യസ്ത വിഭാഗങ്ങളിലുള്ള മലയാളികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പു വരുത്താൻ 1891ൽ മലയാളി മെമ്മോറിയൽ രൂപീകരിച്ചു. 1898ൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ പതിനഞ്ചായി ഉയർത്തി.

1904ലാണ് ശ്രീമൂലം പ്രജാസഭ എന്ന വിപുലമായ മറ്റൊരു പ്രതിനിധിസഭയ്ക്ക് തിരുവിതാംകൂർ മഹാരാജാവ് രൂപം നൽകുന്നത്. വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 100 അംഗങ്ങളുള്ള പ്രജാസഭയിലെ തിരഞ്ഞെടുപ്പെന്നതിനാൽ സമ്പന്നർ മാത്രമായിരുന്നു അംഗങ്ങൾ. നൂറ് രൂപയെങ്കിലും വാർഷിക ഭൂനികുതി നൽകുന്ന വ്യാപാരികളെയും 6000 രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ള ഭൂഉടമകളെയുമായിരുന്നു സഭയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ഒരു താലൂക്കിൽ നിന്ന് രണ്ടു പ്രതിനിധികളെ വീതം ജില്ലാ ഭരണാധികാരികളായിരുന്നു നാമനിർദ്ദേശം ചെയ്തിരുന്നത്.

1905 മേയ് ഒന്നിനാണ് പ്രജാസഭാ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്ക് ലഭിച്ചത്. എന്നാൽ 50 രൂപ ഭൂനികുതി നൽകുന്നവർക്കും അംഗീകൃതസർവകലാശാലാ ബിരുദമുള്ളവർക്കുമായിരുന്നു വോട്ടവകാശം. ഇങ്ങനെ വോട്ടവകാശം കിട്ടിയവർ 77 പേരെ തിരഞ്ഞെടുത്തു. 23 പേരേ നാമനിർദ്ദേശം ചെയ്തു. കൗൺസിലിലേക്ക് മത്സരിക്കാൻ പിന്നീട് സ്ത്രീകൾക്ക് അനുവാദം നൽകി. നിവർത്തന പ്രക്ഷോഭത്തെ തുടർന്നാണ് ഒരു രൂപ കരം തീരുവയുള്ളവർക്ക് വോട്ടവകാശം ലഭിച്ചത് . 1932ൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഉപരിസഭയും പ്രജാസഭ അധോസഭയുമായി. 1947ൽ ഇന്ത്യ സ്വതന്ത്രമായതോടെ രണ്ടു സഭകളും ഇല്ലാതായി. പകരം 1948ൽ 120 അംഗ തിരുവിതാംകൂർ കോൺസ്റ്റിറ്റുവന്റ് അംസംബ്ലി നിലവിൽ വന്നു .