ems

കോട്ടയം: കേരള സംസ്ഥാനം ഉണ്ടാകുന്നതിന് മുമ്പ് അയൽ നാട്ടുരാജ്യങ്ങളായിരുന്നു കൊച്ചിയും തിരുവിതാംകൂറും. രണ്ടും യോജിച്ച് തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നത് 1949 ജൂലായ് ഒന്നിനായിരുന്നു. ഐക്യ കേരളത്തിലേക്കുള്ള ആദ്യ ചുവട് വെപ്പായി അത്.

രാജഭരണമായിരുന്നതിനാൽ തിരുവിതാംകൂറിലെ ഭരണ നേതാവിനെ പ്രധാനമന്ത്രി എന്നായിരുന്നു വിളിച്ചിരുന്നത്. പറവൂർ ടി.കെ. നാരായണ പിള്ളയായിരുന്നു തിരുവിതാംകൂർ പ്രധാനമന്ത്രി. തിരു കൊച്ചി ലയനത്തിലും അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തു തുടർന്നു. തിരുവിതാംകൂറിലുള്ള ഏതാനും മന്ത്രിമാരെ മാറ്റി കൊച്ചിയിൽ നിന്നുള്ള മന്ത്രിമാരെ ഉൾപ്പെടുത്തി .178 അംഗങ്ങൾ തിരുകൊച്ചി സഭയിൽ ഉണ്ടായിരുന്നു. ആദ്യ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് 1951ൽ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിച്ചപ്പോൾ നിയമസഭാ സാമാജികരുടെ എണ്ണം 108 ആയി ചുരുങ്ങി.

തിരുകൊച്ചിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എ.ജെ. ജോണിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ മൂന്നു മന്ത്രിസഭകൾ കൂടി നിലവിൽ വന്നു . പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവർ മുഖ്യമന്ത്രിമാരായി. രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ പനമ്പിള്ളി മന്ത്രിസഭ രാജിവെച്ചു .1956 മാർച്ചു മുതൽ തിരുകൊച്ചി രാഷ്ട്ര പതി ഭരണത്തിലായി.

ആദ്യ പൊതു തിരഞ്ഞെടുപ്പ്

1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചെങ്കിലും 1957 ഫെബ്രുവരി 28നായിരുന്നു ഒന്നാം കേരളനിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടന്നത്. 126 സീറ്റിൽ പതിനൊന്നെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടിക വർഗവിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. പന്ത്രണ്ടിടത്ത് (10 %) രണ്ട് സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു വോട്ടെടുപ്പ് . തിരഞ്ഞെടുപ്പിൽ 406 പേർ മത്സരിച്ചു. 60 സീറ്റ് നേടിയ സി.പി.ഐയായിരുന്നു (അന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ഒന്നായിരുന്നു) വലിയ ഒറ്റ കക്ഷി . മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന എം.ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതു വനിതകൾ മത്സരിച്ചതിൽ ആറ് പേർ വിജയിച്ചു.

1957 മാർച്ച് 16ന് ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള ആദ്യ കേരള നിയമസഭ നിലവിൽ വന്നു. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് രണ്ട് വർഷമേ ഭരിക്കാനായുള്ളൂ. 1959ൽ സർക്കാരിനെതിരെ നടന്ന വിമോചന സമരത്തെ തുടർന്ന് നിയമസഭ പിരിച്ചു വിട്ടു. രാഷ്ട്രപതി ഭരണത്തിലായി കേരളം .