പാലാ: ശ്രീനാരായണ ഗുരുദേവനാൽ രൂപീകൃതമായ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനത്തെ തിരുത്തുവാനും വിമർശിക്കുവാനും സംഘടനാ വേദി ഉണ്ടെന്നിരിക്കെ ആ പാതവിട്ട് തെരുവിൽ അധിക്ഷേപിക്കുന്നവർ നാളെകളിൽ മാപ്പു പറയേണ്ടിവരുമെന്ന് മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ പറഞ്ഞു. മീനച്ചിൽ യൂണിയനിൽ നടന്ന ശാഖാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ കൺവീനർ എം. പി. സെന്നിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ പ്രവർത്തന പദ്ധതികൾ ആവിഷ്‌കരിക്കാനും സംഘടന പ്രവർത്തനം വിപുലമാക്കാനും യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം, സൈബർസേന, ബാലജനയോഗം, കുമാരി കുമാര സംഘം പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു.
മൈക്രോ ഫിനാൻസ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനും ശാഖാതലത്തിൽ മൈക്രോ ഫിനാൻസ് സംഘങ്ങൾ രൂപീകരിച്ച് 10 കോടി രൂപ വിതരണം ചെയ്യാനുള്ള പ്രവർത്തന പദ്ധതിക്ക് യോഗം രൂപരേഖ തയ്യാറാക്കി.
2010 ൽ മീനച്ചിൽ യൂണിയൻ പൊതുയോഗ തീരുമാന പ്രകാരം ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനം അന്യാധീനപെട്ട് പോകാതിരിക്കാനും യൂണിയന്റെതായി നിലനിർത്താനുമുള്ള നിയമ നടപടികൾ കൈക്കൊള്ളാൻ യോഗം തിരുമാനിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സി.ടി രാജൻ അക്ഷര, അരുൺ കുളമ്പള്ളിൽ, വനിതാ സംഘം കൺവീനർ സോളി ഷാജി തലനാട്, യൂത്ത് മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി , സൈബർ സേന ചെയർമാൻ ആത്മജൻ കൊല്ലപ്പള്ളി, എന്നിവർ സംസാരിച്ചു.