അടിമാലി: മിനി സിവിൽ സ്റ്റേഷന് 15 കോടി അനുവദിച്ചത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമോ ...അതോ ഇത്തവണ ജീവൻവെക്കുമോ... .2018 ൽ നടത്തിയ എട്ട് കോടിയുടെ പ്രഖ്യാപനം ഇപ്പോഴും ഫയലിൽ വിശ്രമിക്കുകയാണ്.താലൂക്ക് ആസ്ഥാനം ദേവികുളത്താണെങ്കിലും 25 ലേറെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത് അടിമാലിയിലാണ്.ഇതിൽ പതിനഞ്ചോളം ഓഫീസുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.8000 രൂപ മുതൽ 40000 രൂപ വരെ വാടക നൽകി പ്രവർത്തിക്കുന്ന ഓഫീസുകൾ ഉണ്ട്. ജോയിന്റ് ആർ. ടി. ഒ ഓഫീസ്, എക്‌സൈസ് നാർകോട്ടിക്, എക്‌സൈസ് റേഞ്ച് ഓഫീസ്. പട്ടിക വർഗ്ഗ വികസന വകുപ്പ് ഓഫീസ്, മേജർ മൈനർ ഇറിഗേഷൻ ഓഫീസ്, കോഫി ബോർഡ്, സ്‌പൈസസ് ബോർഡ് ,കെ .എസ് .ഇ.ബി, താലൂക്ക് വ്യവസായ വകുപ്പ് ,മൃഗാശുപത്രി, മൃഗസംരക്ഷ വകുപ്പിന്റെ രണ്ട് ഓഫീസുകൾ എന്നിവ ഇതിൽപ്പെടുന്നു. ടൗണിന്റെ ഒരു കിലോമീറ്റർ ചുറ്റളവുകളിലാണ് ഇപ്പോൾ ഈ ഓഫിസുകൾ പ്രവർത്തിക്കുന്നത്.ഇവ ഒരു കുടക്കീഴിലായാൽ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനമാണ്. അതിനാലാണ് മിനി സിവിൽ സ്റ്റേഷനു വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നത്.