ചങ്ങനാശേരി: അപകടക്കെണിയായി മൂടിയില്ലാത്ത ഓട. എം.സി റോഡിൽ പെരുന്ന രാജേശ്വരി കോംപ്ളക്സിനു മുമ്പിലാണ് ഇങ്ങനെ ഓട സ്ഥിതി ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പ് കവിയൂർ റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് ടാർ ചെയ്ത് ഓട നവീകരിച്ചെങ്കിലും ഓട നിർമ്മാണം പൂർത്തിയായില്ല. മുമ്പ് മഴപെയ്യുമ്പോൾ നഗരത്തിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്ന ഭാഗമായിരുന്നു ഇവിടം. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് നാട്ടുകാരുടെയും സ്ഥാപന ഉടമകളുടെയും നിരന്തര പരാതിയെ തുടർന്നാണ് ഓട നവീകരിച്ചത്. പണി പൂർത്തീകരിച്ച് മാസങ്ങളായിട്ടും കവിയൂർ റോഡും എം.സി റോഡും സംഗമിക്കുന്ന പെരുന്ന രാജേശ്വരി കോംപ്ളക്സിനു മുൻവശത്തെ ഓടയ്ക്ക് മൂടിയിട്ടിട്ടില്ല. കോളേജ് തുറന്നതോടെ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണിത്. കാൽനടയാത്രക്കാർക്ക് ഇത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മഴ പെയ്തു വെള്ളം നിറഞ്ഞാൽ മൂടിയില്ലാത്തതിനാൽ ആളുകൾ അറിയാതെ ഇതിൽ അകപ്പെട്ടു പോവാൻ സാദ്ധ്യതയുള്ളതായി ഓട്ടോ ഡ്രൈവർമാരും പറയുന്നു. മൂടിയില്ലാത്തതിനാൽ ഓടയിൽ മാലിന്യം തള്ളുന്നതും പതിവായി. അടിയന്തരമായി ഓടയ്ക്ക് മൂടി സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.