കോട്ടയം: നഗരത്തിന്റെ മുഖഛായ മാറ്റി കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം ഒരുങ്ങുന്നു. 25 കോടിയിലധികം രൂപ മുടക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. നാഗമ്പടത്തെ പഴയ പാലത്തിന്റെ അവശിഷ്‌ടങ്ങൾ നീക്കി, അതുവഴി സ്റ്റേഷനിലേയ്‌ക്കു കയറുന്ന രീതിയിലാണ് നിർമ്മാണം. ജോസ് കെ.മാണിയുടെയും തോമസ് ചാഴികാടൻ എം.പിയുടെയും ശ്രമഫലമായാണ് രണ്ടാം കവാടം ഒരുങ്ങുന്നത്.
നിലവിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ മൂന്നു പ്ലാറ്റ് ഫോമുകളാണുള്ളത്. ഗുഡ്സ് ഷെഡിന്റെ നാലു ട്രാക്കും നിലവിലുണ്ട്. ഇത് നിലനിർത്തിയാണ് നവീകരണം. ഇരട്ടപ്പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഒരു ട്രാക്ക് കൂടി എത്തും. ഗുഡ്സ് ഷെഡ് ഭാഗത്തുള്ള ട്രാക്കുകൾക്കിടയിൽ അകലം കുറവാണ്. ചരക്കുമായി എത്തുന്ന വാഗണുകളിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിനു വേണ്ടിയായിരുന്നു ഈ ക്രമീകരണം. ഈ ട്രാക്കുകൾ തമ്മിലുള്ള അകലം വർദ്ധിപ്പിക്കും.
യാത്രക്കാർക്ക് ആശ്വാസം
നാഗമ്പടത്ത് പുതിയ പ്രവേശന കവാടം വരുന്നത് യാത്രക്കാർക്ക് ആശ്വാസമാണ്. നേരത്തെ അഞ്ചു മണി കഴിഞ്ഞാൽ ഗുഡ്സ് ഷെഡ് റോഡിൽ ആളനക്കം ഉണ്ടായിരുന്നില്ല. സന്ധ്യയ്‌ക്കു ശേഷം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായിരുന്നു ഇവിടം. പുതിയ പ്രവേശന കവാടം വരുന്നതോടെ ഈ പ്രശ്നത്തിനുകൂടിയാണ് പരിഹാരമാവുന്നത്. ഏറ്റുമാനൂർ ഭാഗത്തു നിന്നുവരുന്നതും അവിടേയ്ക്ക് പോകുന്നതുമായ യാത്രക്കാർക്ക് നഗരത്തിൽ കിടന്നു കറങ്ങാതെ നാഗമ്പടത്തെ മെയിൻ റോഡിലെത്തി റോഡു യാത്ര തുടരാം. നാഗമ്പടത്ത് ഇറങ്ങുന്നവർക്ക് റെയിൽവേ സ്റ്റേഷന്റെ മുന്നിലെത്തി ടിക്കറ്റ് എടുക്കുകയെന്ന കഷ്‌ടപ്പാടും ഒഴിവാകും.