രണ്ടു മാസത്തിനിടെ നാഗമ്പടം പാലത്തിൽ നിന്ന് ആറ്റിൽ ചാടിയത് നാലു പേർ

കോട്ടയം: രണ്ടു മാസത്തിനിടെ നാഗമ്പടത്ത് ആറ്റിൽ ചാടിയത് ഒരു യുവതി ഉൾപ്പെടെ നാലു പേർ. ഇന്നലെ ആറിന്റെ കരയിൽ മാനസിക രോഗിയടക്കം കയറിക്കിടന്നതോടെ നാഗമ്പടത്തെ ആറ്റിൽച്ചാട്ടം നാട്ടുകാർക്കും ശല്യമായി. എം.സി റോഡിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് ഉയർത്തിയിരുന്നു. പാലത്തിലൂടെ നടന്നുപോകുന്ന ആളുടെ അരയ്‌ക്കൊപ്പം മാത്രമാണ് ഇപ്പോൾ കൈവരിയ്ക്കു ഉയരമുള്ളത്.

കഴിഞ്ഞ മാസം ആദ്യമാണ് തൃശൂർ സ്വദേശിയായ യുവതി നാഗമ്പടം പാലത്തിൽ നിന്നും ആറ്റിൽ ചാടിയത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നു വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയ യുവതി, നാട്ടുകാർ നോക്കി നിൽക്കെ ആറ്റിൽ ചാടുകയായിരുന്നു. തുടർന്ന്, പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

ഏറ്റവും ഒടുവിൽ ഏറ്റുമാനൂർ സ്വദേശിയായ യുവാവാണ് ആറ്റിൽ ചാടിയത്. കൊവിഡിനെ തുടർന്നു തൊഴിൽ നഷ്ടമായതും, അസുഖ ബാധിതനായതുമാണ് ഇയാളെ ആറ്റിൽ ചാടാൻ പ്രേരിപ്പിച്ചത്. ഇതിനു ശേഷം ഇന്നലെയാണ് ഏറ്റവും ഒടുവിലെ സംഭവമുണ്ടായത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചയാൾ മാസങ്ങളായി പ്രദേശത്തു കൂടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ 11 മണിയോടെ നാഗമ്പടം പാലത്തിന്റെ സമീപത്തു കൂടി മീനച്ചിലാറ്റിറമ്പിലേയ്ക്ക് ഇറങ്ങിയ ഇയാൾ നഗ്‌നനായി ഇവിടെ കിടക്കുകയായിരുന്നു. നാഗമ്പടത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും, കൺട്രോൾ റൂം സംഘവും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്നു പൊലീസ് സംഘം അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ഇയാളെ സ്ട്രച്ചറിൽ കിടത്തിയാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.


കൈവരി ഉയർത്തണം

നാഗമ്പടത്ത് മീനച്ചിലാറിന് കുറുകെയാണ് പാലം. വർഷങ്ങളുടെ പഴക്കമുണ്ട് പാലത്തിന്. ഓരോ തവണ പാലത്തിന് ടാർ ചെയ്യുകയും നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമ്പോൾ പാലത്തിന്റെ കൈവരി താഴുകയായിരുന്നു. ആറ്റിലേക്ക് ചാടുന്ന സംഭവങ്ങൾ ഒഴിവാക്കാൻ പാലത്തിന്റെ കൈവരി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.