കോട്ടയം: മന്നം ജയന്തിക്ക് ആശംസ അർപ്പിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ,ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ട്വീറ്റിന് നന്ദി അറിയിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഇരുവർക്കും കത്തയച്ചു.
സമദൂര നിലപാടിൽ എൻ.എസ്.എസ് ഉറച്ചു നിൽക്കുന്നതിനിടയിലും, നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് തങ്ങൾക്കനുകൂലമാക്കാനാനുള്ള നീക്കത്തിലാണ് ബി.ജെ.പി.ഇതിന്റെ ഭാഗമായി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇത് സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കു
വച്ചു. മറ്റു നേതാക്കളും വ്യാപകമായി പ്രചരിപ്പിച്ചു .
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതിനിടെ, ഉമ്മൻചാണ്ടിയെ കോൺഗ്രസ് ഹൈക്കമാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അദ്ധ്യക്ഷനാക്കിയതിൽ എൻ.എസ്.എസിന് അതൃപ്തിയുണ്ടെന്നും, അത് തങ്ങൾക്ക് ഗുണകരമാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ബി.ജെ.പി. എൻ.എസ്.എസ് നേതൃത്വം ബി.ജെ.പി നേതാക്കളുടെ നീക്കത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. .
മന്നത്ത് പത്മനാഭന്റെ 144-ാം ജന്മദിനമായിരുന്ന ജനുവരി രണ്ടിനാണ് ആശംസയറിയിച്ച് നരേന്ദ്ര മോദിയും, അമിത് ഷായും ട്വീറ്റ് ചെയ്തത്. സാമൂഹിക സാംസ്കാരിക രംഗത്ത് സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ സംഭാവനകളെ പ്രകീർത്തിച്ച ട്വീറ്റിന് നന്ദി അറിയിച്ചായിരുന്നു ജി. സുകുമാരൻ നായരുടെ കത്ത്. എൻ.എസ്. എസ് ബി.ജെ.പിയോട് അടുക്കുന്നതിന്റെ സൂചനയാണിതെന്നാണ് ബിജെപിയുടെ വാദം. ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രി മന്നം ജയന്തിക്ക് ആശംസ അറിയിച്ചതെന്നും, ഇത് വഴി നായർ സമുദായത്തിന്റെ മഹത്വം ദേശീയതലത്തിൽ പ്രചരിപ്പിക്കാനായെന്നുമുള്ള, എൻ.എസ്.എസ് മുഖപത്രമായ സർവീസിലെ ലേഖനവും ബി.ജെ.പി ഉയർത്തിക്കാട്ടുന്നു.