കോട്ടയം: നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേയ്‌ക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടു വീതം സ്റ്റാൻഡിംഗ് കമ്മിറ്റികൾ സ്വന്തമാക്കി യു.ഡി.എഫും എൽ.ഡി.എഫും. ഒരു സീറ്റ് പിടിച്ചെടുത്ത് എൻ.ഡി.എയും വിജയം നേടി. ഇതിനിടെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം രാജിവച്ചതോടെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിര‌ഞ്ഞെടുപ്പ് മാറ്റി വച്ചു.

വൈസ് ചെയർമാൻ ബി.ഗോപകുമാറാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ. യു.ഡി.എഫിലെ ബിന്ദു സന്തോഷ്‌കുമാറിനെ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായി തിരഞ്ഞെടുത്തു. എൽ.ഡി.എഫിൽ നിന്ന് എൻ.എൻ. വിനോദ് ആരോഗ്യ വിഭാഗത്തിന്റെയും സിന്ധു ജയകുമാർ ക്ഷേമകാര്യത്തിന്റെയും അദ്ധ്യക്ഷന്മാരായി. ഈ രണ്ടു കമ്മിറ്റികളിലേയ്ക്കും യു.ഡി.എഫ് സ്ഥാനാർത്ഥികൾ മത്സരിച്ചില്ല. ബി.ജെ.പിയിലെ കെ.ശങ്കരനാണ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.

കമ്മിറ്റി അംഗമായ സി.പി.എമ്മിലെ ഷീജ അനിൽ രാജിവച്ചതിനെത്തുടർന്ന് പൊതുമരാമത്ത് കമ്മിറ്റി അദ്ധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് മാറ്റിയത്.

നഗരസഭയിൽ ആദ്യമായാണു ബി.ജെ.പിയ്ക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷപദവി ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസ കമ്മിറ്റി തിരഞ്ഞെെടുപ്പിൽ കോൺഗ്രസ് ബി.ജെ.പി ഒത്തുകളി നടന്നതായി എൽ.ഡി.എഫ് ആരോപിച്ചിരുന്നു.