കട്ടപ്പന: ഉത്പ്പാദനക്കുറവിലും തേയില കർഷകർക്ക് പ്രതീക്ഷ നൽകി പച്ചക്കൊളുന്ത് വില സർവകാല റെക്കോർഡിൽ. കിലോയ്ക്ക് 22.56 രൂപയാണ് ടീ ബോർഡ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും കർഷകർക്ക് 24 മുതൽ 32 രൂപ വരെ ലഭിക്കുന്നുണ്ട്. കർഷകരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു കിലോഗ്രാമിന് 30 രൂപയെങ്കിലും ലഭിക്കണമെന്നത്. ഏഴുമാസം മുമ്പ് 14 രൂപയായിരുന്നു വില കുതിച്ചുയരുകയായിരുന്നു. അതേസമയം രാജ്യത്ത് ഏറ്റവുമധികം ഉത്പ്പാദനമുള്ള തമിഴ്നാട്ടിൽ ഉയർന്ന വില 40 രൂപയാണ്.
തുടർച്ചയായ പ്രളയങ്ങൾക്കും കൊവിഡ് പ്രതിസന്ധിക്കും ശേഷമുണ്ടായ കാലാവസ്ഥ വ്യതിയാനവും മൂലം കേരളത്തിലെ തേയില ഉത്പ്പാദനം വൻതോതിൽ കുറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇടയ്ക്കിടെ പെയ്യുന്ന മഴയും അതിശക്തമായ കോടമഞ്ഞും പകൽച്ചൂടും മൂലം കൊളുന്ത് നാമ്പിടുമ്പോൾ തന്നെ കരിഞ്ഞുണങ്ങി നശിക്കുകയാണ്. ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനം എങ്ങിനെ പ്രതിരോധിക്കുമെന്നും കർഷകർക്കറിയില്ല. മുമ്പൊരിക്കലും ഇത്തരത്തിലൊരു പ്രതിഭാസം ഉണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
തേയില കൂട്ടിക്കലർത്തി
കയറ്റുമതി
തമിഴ്നാട്ടിലെ ഗുണനിലവാരമില്ലാത്ത പച്ചക്കൊളുന്ത് വൻതോതിൽ ഇടുക്കിയിലെ ഫാക്ടറികളിലേക്ക് ഇറക്കുമതി ചെയ്യുന്നതായി ആക്ഷേപമുണ്ട്. സംസ്ഥാനത്തെ ഉത്പ്പാദനക്കുറവ് മുതലെടുത്താണ് ഈ നീക്കം. തമിഴ്നാട്ടിലെ തോട്ടങ്ങളിൽ ഉത്പ്പാദിപ്പിക്കുന്ന തേയില വാഹനങ്ങളിൽ ഇവിടെ എത്തിക്കുമ്പോൾ കിലോഗ്രാമിന് 15 മുതൽ 18 രൂപ വരെ മാത്രമേ ഫാക്ടറി ഉടമകൾക്ക് ചെലവാകുന്നുള്ളൂ. പിന്നീട് തമിഴ്നാട് തേയില ഇവിടുത്തെ ഗുണനിലവാരമുള്ള തേയിലപ്പൊടിക്കൊപ്പം കൂട്ടിക്കലർത്തി കയറ്റുമതി ചെയ്യുകയാണ്. ഇത് കേരളത്തിലെ തേയിലപ്പൊടിയുടെ നിലവാരം തകർക്കാനാണെന്നും കർഷകർ ആരോപിക്കുന്നു. തമിഴ്നാട്ടിൽ നിന്നു പച്ചക്കൊളുന്ത് കയറ്റി ഫാക്ടറികളിലേക്ക് വന്ന ഏതാനും ലോറികൾ കർഷകർ തടഞ്ഞിരുന്നു. ഇതിനെതിരെ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കേരളത്തിൽ ഏറ്റവുമധികം ഉത്പ്പാദനം ഇടുക്കിയിലും രണ്ടാമത് വയനാട്ടിലുമാണ്.
കേരളത്തിനു പുറമേ തമിഴ്നാട്, ബംഗാൾ, ആസാം, ത്രിപുര, ഉത്തരാഖണ്ഡ്, നാഗാലാൻഡ് തുടങ്ങിയ 13 സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷിയുള്ളത്. രാജ്യത്തെ ആകെ ഉത്പ്പാദനത്തിന്റെ 32 ശതമാനം തമിഴ്നാട്ടിലും 27 ശതാനം കേരളത്തിലുമാണ്. ലോകത്തെ തേയില ഉത്പ്പാദനത്തിൽ ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും വിയറ്റ്നാം മൂന്നാമതും ശ്രീലങ്ക നാലാമതുമാണ്. എന്നാൽ ചൈനയെ പോലും പിന്തള്ളി ഏറ്റവും ഗുണനിലവാരമുള്ള തേയില ഉത്പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.