പാലാ: ഈ ചെറുസിനിമയിലെ വികാരിയച്ചനെയും ഹെഡ്മിസ്ട്രസിനെയും പഞ്ചായത്ത് മെമ്പറെയുമൊക്കെ യഥാർത്ഥ ജീവിതത്തിലും അങ്ങിനെ തന്നെ കാണാം. ഇവരൊക്കെ അവരായി തന്നെ കഥാപാത്രങ്ങളാകുന്ന കുടക്കച്ചിറ സെന്റ് ജോസഫ്‌സ് എൽ. പി. സ്‌കൂളിന്റെ 'ശ്വാസം' എന്ന ചെറു സിനിമ 22 ന് 'പുറത്തേയ്ക്ക്' വിടും.
....സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഉത്സാഹത്തിലാണ് കുട്ടികൾ. പെട്ടെന്നാണ് അദ്ധ്യാപകരും കുട്ടികളുമൊക്കെ ആ കാഴ്ച കണ്ടത്. സ്‌കൂളിലെ അൽപ്പം താന്തോന്നിയായ കുട്ടി നാലാം ക്ലാസുകാരൻ മൊയ്തീൻ, ഒപ്പം പഠിക്കുന്ന എബിനെ കുനിച്ചു നിർത്തി പുറത്തിടിക്കുന്നു.
ഇതു കണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൽഫിയും മറ്റ് അദ്ധ്യാപകരും ഓടിച്ചെന്നു. ടീച്ചർ മൊയ്തീനിട്ട് ചൂരലിന് ആദ്യം ഒന്നു കൊടുത്തു, ആകെ അവശനായ എബിൻ അപ്പോൾ ഒരു മിഠായിക്കഷണം ഛർദ്ദിച്ചു.
'ടീച്ചർമാരെ മൊയ്തീൻ എന്നെ ഇടിച്ചതല്ല, എന്റെ തൊണ്ടയിൽ മിഠായി കുടുങ്ങി എനിക്ക് ശ്വാസം മുട്ടി ..... മൊയ്തീൻ എത്തിയില്ലായിരുന്നെങ്കിൽ.... ' അവശനാണെങ്കിലും എബിൻ ഒരു വിധം കാര്യം പറഞ്ഞൊപ്പിച്ചു.
അതു വരെ മൊയ്തീനു നേരെ ദേഷ്യത്തോടെ നോക്കിയിരുന്ന ഗുരുജനങ്ങളുടെ കവിളുകളിൽ കണ്ണീർ ചാലിട്ടു. സ്‌നേഹ വാൽസല്യമൊഴുകി; അവർ മൊയ്തീനെ കെട്ടിപ്പിടിച്ചു; ഞങ്ങടെ പൊന്നു മോനെ, മൊയ്തീനെ ....
ആ റിപ്പബ്ലിക് ദിനത്തിൽ മൊയ്തീനായി കുടക്കച്ചിറ സ്‌കൂളിലെ താരം.
സ്‌കൂളിലെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്താനെത്തിയ എസ്. ഐ. മോഹനനും മാനേജർ ഫാ. മാത്യു കാലായിലും പഞ്ചായത്തു മെമ്പർ റാണി ജോസുമൊക്കെ മൊയ്തീന്റെ ധീരതയെയും സഹപാഠി സ്‌നേഹത്തേയും വാനോളം പുകഴ്ത്തി. മൈക്കിലൂടെ വികാരിയച്ചന്റെ വാക്കുകളൊഴുകി;
' അകത്തേയ്ക്ക് എടുത്ത ശ്വാസം പുറത്തേക്ക് വിടാൻ പറ്റിയില്ലയെങ്കിൽ പിന്നെന്ത് ജാതി ? മതം, എബിനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വന്ന മൊയ്തീൻ നമുക്കു മുന്നിൽ ഈശ്വരനാണിന്ന് ... .. '
കാണികളുടെ കൈയടി മധ്യേ സ്‌ക്രീനിൽ 'ശ്വാസം ശുഭം ' .
സിനിമയിലെ ഫാ.മാത്യു, കുടക്കച്ചിറ സ്‌കൂളിന്റെ മാനേജരച്ചനായ റവ. മാത്യു തന്നെ. ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൽഫി, പഞ്ചായത്ത് മെമ്പർ റാണി എന്നിവർക്ക് സിനിമയിലും മാറ്റമില്ല. ഏറ്റുമാനൂർ എസ്. ഐ. ആയി റിട്ടയർ ചെയ്ത മോഹനനാണ് സിനിമയിലെ എസ്. ഐ. . മൊയ്തീനായി ജിസ് സജിയും എബിനായി എബിൻ ഡെയ്‌സും വേഷമിട്ടു. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ വി. അനൂപാണ് 'ശ്വാസം' സംവിധാനം ചെയ്തത്.
22ന് രാവിലെ 10.30 ന് പ്രമുഖ സിനിമാ താരം മിയ 'ശ്വാസ ' ത്തിന്റെ റിലീസ് നിർവ്വഹിക്കും.