ചങ്ങനാശേരി: ഹൈടെക്ക് സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങുന്നു.
സർക്കാർ അനുവദിച്ച 90 ലക്ഷം രൂപ ചെലവഴിച്ച് മൂന്നു നിലകളിലായാണ് കെട്ടിടം പൂർത്തിയാക്കിയത്. 2019 ഫെബ്രുവരിയിൽ മന്ത്രി എം.എം മണിയാണ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. കൊക്കോട്ടുചിറ കുളത്തിനു സമീപമാണ് 5000 സ്‌ക്വയർ ഫീറ്റ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല നിർവഹിച്ചത്. 600 സ്‌ക്വയർ ഫീറ്റ് ഓപ്പൺ ഹാൾ, വിശ്രമമുറികൾ, റിക്രിയേഷൻ ഹാൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഏഴ് മുറികൾ പൂർണ്ണമായും ശീതീകരിച്ചവയാണ്.
2006 ഡിസംബർ 18നാണ് തൃക്കൊടിത്താനത്ത് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. വാടക കെട്ടിടത്തിലാണ് അന്ന് മുതൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പതിനേഴായിരത്തോളം രൂപയായിരുന്നു വാടക. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ പലതവണ സ്റ്റേഷൻ അധികൃതർക്ക് നോട്ടീസ് നല്കിയിരുന്നു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ 15 സെന്റ് സ്ഥലത്താണ് പൊലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.