പാലാ: തുടർച്ചയായ കറന്റ് പോക്കിലൂടെ വിവാദമായ രാമപുരം കെ.എസ്.ഇ.ബി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പണി പൊലീസിനിട്ടും!

കെ.എസ്.ഇ.ബി ഓഫീസിനു സമീപത്തെ രാമപുരം പൊലീസ് സ്റ്റേഷനിൽ ടൗണിൽ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി.കളുടെ ഉദ്ഘാടനച്ചടങ്ങിനിടെ തുടർച്ചയായി വൈദ്യുതി മുടങ്ങിയത് സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.ജില്ലാ പൊലീസ് മേധാവി ജി.ജയദേവായിരുന്നു സമ്മേളനത്തിൽ മുഖ്യാതിഥി. ഈ വിവരം പൊലീസ്, നേരത്തേ തന്നെ കെ. എസ്.ഇ.ബി രാമപുരം ഓഫീസിൽ അറിയിച്ചിരുന്നു.

എന്നാൽ ഉദ്ഘാടന സമ്മേളനം തുടങ്ങിയ ഉടൻ വൈദ്യുതി മുടങ്ങി. സമ്മേളന വിവരം കെ.എസ്.ഇ.ബി രാമപുരം ഓഫീസിൽ നേരത്തേ തന്നെ അറിയിച്ചതിനാൽ പൊലീസ് ജനറേറ്റർ കരുതിയിരുന്നില്ല.

പൊലീസ് ഉദ്യോഗസ്ഥർ രാമപുരം കെ.എസ്.ഇ.ബി ഓഫീസിൽ ഉടൻ ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. 15 മിനിട്ടിന് ശേഷം വൈദ്യുതി വന്നെങ്കിലും അധികം വൈകാതെ വീണ്ടും പോയി. പൊലീസ് ഇടപെട്ടതോടെ 10 മിനിട്ട് കഴിഞ്ഞപ്പോൾ വീണ്ടും വൈദ്യുതിയെത്തി. എന്തായാലും സി.സി. ടി.വി. കാമറകളുടെ സ്വിച്ച് ഓൺ സമയത്ത് വൈദ്യുതി മുടങ്ങാഞ്ഞത് ഭാഗ്യമെന്നായി രാമപുരത്തെ പൊലീസ് ഉദ്യോഗസ്ഥർ .

അതേസമയം വൈദ്യുതി മുടങ്ങിയതുമായി ബന്ധപ്പെട്ട് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ, അസി. എൻജിനീയർ എന്നിവരിൽ നിന്നും ഇന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിയ്ക്കും.സംഭവത്തെപ്പറ്റി ഉടൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുള്ളത്.

അതേസമയം പൊലീസ് സ്‌റ്റേഷനു സമീപം ഒരു സ്ഥാപനത്തിന്റെ ഫ്യൂസ് പോയതിനാലാണ് ആദ്യം വൈദ്യുതി വിതരണം നിർത്തിവെച്ചതെന്നും പിന്നീട് ഒരു കേബിൾ തകരാർ വന്നത് പരിഹരിക്കാനാണ് രണ്ടാമത് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയതെന്നും കെ.എസ്.ഇ.ബി രാമപുരം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ റെയ്‌നമോൾ പറഞ്ഞു.