രോഗങ്ങളാൽ വലയുന്ന കുടുംബത്തെ സഹായിക്കാൻ പഞ്ചായത്തംഗവും പൊതുപ്രവർത്തകരും

കുന്നുംഭാഗം: മണ്ണാറക്കയത്തെ കുടുംബത്തിന് സഹായഹസ്തവുമായി പഞ്ചായത്തംഗവും പൊതുപ്രവർത്തകരും. രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന വൃദ്ധരരായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാനാണ് ചിറക്കടവ് പഞ്ചായത്തംഗം ആന്റണി മാർട്ടിനും പൊതുപ്രവർത്തകരും മുന്നിട്ടിറങ്ങിയത്. തിരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കാനാണ് സ്ഥാനാർത്ഥിയായിരുന്ന ആന്റണി മാർട്ടിൻ മണ്ണാറാക്കയം പൊട്ടംപ്ലാക്കലിലെ കുട്ടൻപ്പിള്ളയുടെ വീട്ടിൽ ആദ്യമെത്തുന്നത്.ഇവരുടെ ദുരവസ്ഥ കണ്ട് അന്നേ ആന്റണി മാർട്ടിൻ തീരുമാനിച്ചതാണ് തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ കുടുംബത്തെ സഹായിക്കണമെന്ന്. കാടുകയറിയ വീടും പരിസരവും വാർദ്ധക്യ സഹജമായ രോഗവും മൂലം വലയുന്ന കുടുംബത്തിന്റെ ദുരിതം അന്നാണ് നേരിട്ടറിയുന്നത്. ഭാര്യ സരസമ്മ എഴുന്നേൽക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. രണ്ട് മക്കളിൽ ഒരാൾ മാനസിക വൈകല്യമുള്ള വ്യക്തിത്വം. രണ്ടാമത്തെ മകന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുബത്തിന്റെ ഏക ആശ്രയം.
ആഴ്ചയിൽ ഒരിക്കൽ വരുന്ന ഈ മകനാണ് രോഗികളായ മാതാപിതാക്കളെയും സഹോദരനെയും നോക്കുന്നത്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കുടുംബത്തെ സഹായിക്കാനായി ആന്റണി മാർട്ടിനും കുന്നുംഭാഗം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റെജി കാവുങ്കൽ, വി.എ. കരുണാകരപിള്ള, മധു, ബിജു എം.സി, പ്രസാദ് എന്നിവർ രംഗത്തുവന്നത്. ആദ്യം വീടും പരിസരവും വൃത്തിയാക്കി. കിടപ്പിലായ സരസമ്മയെ കുന്നുംഭാഗം സാൻജിയോവാനി വൃദ്ധസദനത്തിലേക്ക് മാറ്റി.

സിസ്റ്റർ ആൻസ് മാത്യു, സിസ്റ്റർ തെരേസ് എന്നിവരെത്തിയാണ് ഇവരെ ഏറ്റെടുത്തത്. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ആശാവർക്കമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സരസമ്മയെ വൃദ്ധ സദനത്തിലേക്ക് മാറ്റിയത്. വാർദ്ധക്യസഹജമായ രോഗംമൂലം വലയുന്ന കുട്ടൻപ്പിള്ളയെയും മകനെയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആന്റണി മാർട്ടിൻ പറഞ്ഞു.വീട് പുനർ നിർമ്മിക്കുന്നതിനും മറ്റും സുമനസുകളുടെ സഹായം തേടുകയാണ് ഇവർ.
ധനലക്ഷ്മി ബാങ്ക് കെ.വി.എം.എസ് ജംഗ്ഷൻ
അക്കൗണ്ട് നമ്പർ: 010003600001300
ഐ.എഫ്.എസ്.സി: ഡി.എൽ.എക്‌സ്.ബി 0000100

ചിത്രവിവരണം-പൊട്ടന്‍പ്ലാക്കല്‍ സരസമ്മയെ പൊതുപ്രവര്‍ത്തകര്‍ സാന്‍ജിയോവാനി സദനത്തിലേക്ക് മാറ്റുന്നു.