കോട്ടയം: പ്ളാസ്റ്റിക് നിരോധനത്തിന് 15ന് ഒരു വർഷം തികയും. എന്നിട്ടും കാര്യങ്ങൾ പഴയപടി തന്നെ. സമ്പൂർണ നിരോധനം കാറ്റിൽ പറത്തി കടകളിൽ പ്ലാസ്റ്റിക് സഞ്ചികൾ വ്യാപകം. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് തുടക്കത്തിൽ നിരോധനം കർക്കശമായി നടപ്പാക്കിയെങ്കിലും പിന്നീട് താളംതെറ്റുകയായിരുന്നു.
ജില്ലയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വഴിയോര വിപണന കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് സഞ്ചികൾ സുലഭമാണ്. പ്ലാസ്റ്റിക് നിരോധനത്തിൽ തുടക്കത്തിലുണ്ടായിരുന്ന എതിർപ്പ് മറന്ന് എല്ലാവരും മറുമാർഗങ്ങളോടു പൊരുത്തപ്പെട്ടിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയായി. ജീവനക്കാരെല്ലാം കൊവിഡ് പ്രതിരോധത്തിലായപ്പോൾ പരിശോധനയും നിന്നു. അതോടെ കടകളിൽ സ്റ്റോക്കിരുന്ന പ്ലാസ്റ്റിക് തിരിച്ചിറങ്ങി.
തുണി സഞ്ചിക്ക് ക്ഷാമം
സാധാരണ ഒരു കടയിൽ ദിവസം 300 മുതൽ 500 വരെ രൂപയുടെ പ്ലാസ്റ്റിക് സഞ്ചികൾ ആവശ്യമുണ്ട്. പ്ലാസ്റ്റിക് ഒഴിവാക്കിയാൽ ഈ തുക വ്യാപാരികൾക്ക് ലാഭമാണ്. തുണിസഞ്ചികൾ വിൽക്കുന്നതിലൂടെ വരുമാനവും ലഭിക്കും. കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് തുണി സഞ്ചി നിർമാണം വ്യാപകമാക്കിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് വ്യാപാരികൾ പറയുന്നു. പ്ലാസ്റ്റിക്കിനു പകരം നൽകിയിരുന്ന തുണിസഞ്ചി കിട്ടാത്തതും പ്ലാസ്റ്റിക് ഉപയോഗിക്കാൻ വ്യാപാരികളെ പ്രേരിപ്പിച്ചു. സാധനങ്ങൾക്കായി സഞ്ചിയുമായി കടകളിൽ എത്തുന്നവരും ഇപ്പോൾ വിരളമാണ്.
പ്ളാസ്റ്റിക്കിന് പിഴ
ആദ്യം 10000 രൂപ
രണ്ടാമത് 25000 രൂപ
പിന്നീട് 50000 രൂപ
'' പ്ളാസ്റ്റിക് നിരോധനത്തോട് നല്ലരീതിയിൽ സഹകരിച്ചെങ്കിലും തുണിസഞ്ചിയുടെ ക്ഷാമം വില്ലനായി. കൊവിഡിന് ശേഷം തുണിസഞ്ചി കിട്ടാനില്ല. അതുകൊണ്ടാണ് പ്ലാസ്റ്റിക് സഞ്ചികളെ വീണ്ടും ആശ്രയിക്കേണ്ടിവരുന്നത്''
വിജയപ്പൻ, വ്യാപാരി