ചങ്ങനാശേരി : ആഴംകൂട്ടി ശുചീകരിച്ചിട്ടും ഫലമുണ്ടായില്ല. ചാലച്ചിറ തോട്ടിൽ മാലിന്യങ്ങൾ നിറയുകയാണ്. ഒപ്പം പകർച്ചവ്യാധി ഭീഷണിയും. രണ്ടു പതിറ്റാണ്ടുകളായി മാലിന്യം നിറഞ്ഞ് പ്രദേശവാസികളെ വീർപ്പുമുട്ടിച്ചിരുന്ന ചാലച്ചിറ തോട് ശുചീകരിക്കുന്നതിനായി ഇത്തിത്താനം വികസനസമിതിയുടെ നേതൃത്വത്തിൽ കളക്ടറുടെ അദാലത്തിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് കളക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചെലവഴിച്ച് 2020 ജൂൺ 13 നാണ് ആഴം കൂട്ടി ശുചീകരിച്ചത്.
ചെമ്പുചിറ-പൊൻപുഴ തോട്ടിലൂടെയാണ് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്. ഇത് നശിക്കാതെ തോട്ടിലും പാടത്തും തങ്ങികിടക്കുകയാണ്. തോട്ടിലേക്ക് വീട്ടുമാലിന്യങ്ങൾ വലിച്ചെറിയുന്നതും നിത്യസംഭവമാണ്. ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചിട്ടും നടപടിയൊന്നുമില്ല.
നിയമം നോക്കുകുത്തി
ജലം മലിനമാക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി നടപടി സ്വീകരിക്കാൻ നിയമമുണ്ട്. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായവും ലഭിക്കും. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. എന്നിട്ടും അധികൃതർക്ക് അനക്കമില്ല.
കുടിവെള്ള പദ്ധതികൾക്കുള്ള വെള്ളം
ജലനിധി പദ്ധതി അടക്കം നാല് കുടിവെള്ള പദ്ധതികൾക്കാവശ്യമായ വെള്ളം എത്തുന്നത് ചാലച്ചിറ തോട്ടിൽ നിന്നുമാണ്. പ്രാഥമിക ആവശ്യങ്ങൾക്കും മറ്റും നിരവധിപ്പേരാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നത്. കിണറുകളിലേക്കും ജലാശയങ്ങളിലേക്കും ഈ വെള്ളമാണ് ഉറവയായി എത്തുന്നത്.
തൊഴിലുറപ്പ് തൊഴിലാളികളെ ഏൽപ്പിക്കണം
കുറിച്ചി ഗ്രാമപഞ്ചായത്തിലെ എട്ട്, 9, 10, 11, 13 വാർഡുകളിലൂടെയാണ് ചാലച്ചിറ തോട് ഒഴുകുന്നത്. തോട് ശുചീകരിക്കുന്നതിനായി ഈ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കി ഓരോമാസവും തോടിന്റെ ശുചീകരണം ഉറപ്പാക്കണമെന്ന് ഇത്തിത്താനം വികസനസമിതിയോഗം ആവശ്യപ്പെട്ടു.