പാലാ : സ്വർണ്ണ പണയ ഇടപാടുകളിൽ ക്രമക്കേട് നടത്തി ഒരു കോടിയിൽപരം രൂപാ തട്ടിയെടുത്ത കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പാലാ സി.ഐ അനൂപ് ജോസഫ് പറഞ്ഞു. സംഭവത്തിൽ മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ മനേജർ കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ അരുൺ സെബാസ്റ്റ്യനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തട്ടിപ്പ് നടത്താൻ ഇയാൾക്ക് മറ്റ് ചില ജീവനക്കാരുടെ സഹായം കൂടി കിട്ടിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതേസമയം തട്ടിയെടുത്ത പണം ആർഭാട ജീവിതത്തിനാണ് അരുൺ സെബാസ്റ്റ്യൻ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ടൗണിലെ സുഹൃത്തുക്കളായുള്ള വ്യാപാരികളുമായി ഇയാൾ മുന്തിയ ഹോട്ടലുകളിലെത്തി ഭക്ഷണം കഴിച്ചിരുന്നു. ദിവസേന ആയിരക്കണക്കിന് രൂപയുടെ ലോട്ടറിയെടുക്കുന്ന സ്വഭാവവും അരുണിനുണ്ടായിരുന്നു. കമ്പനി ഓഡിറ്റിങ്ങിലൂടെ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ഇയാൾ കുറച്ച് പണം തിരികെ അടച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പണയം വെയ്ക്കാൻ കൊണ്ടുവരുന്ന സ്വർണ്ണത്തിന്റെ തൂക്കം രേഖകളിൽ കൂട്ടി കാണിച്ച് അതിലുള്ള തുക എഴുതിയെടുത്തായിരുന്നു പ്രധാന തട്ടിപ്പ്. ഇടപാടുകാർ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പുതിയ പണയ ഇടപാട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പത്തോളം ശാഖകളുടെ കൂടി സോണൽ മേധാവിയായിരുന്ന അരുൺ സെബാസ്റ്റ്യൻ മറ്റു ചില ശാഖകളിൽ ചിലരെക്കൊണ്ട് സ്വർണം പണം വയ്പിച്ചത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.