ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ കാരികാട് ടോപ്പിലെ വാച്ച് ടവറിൽ താത്കാലിക സംരക്ഷണവേലിയൊരുങ്ങി. വാച്ച് ടവറിലെ അപകടസാധ്യത ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി. സഞ്ചാരികളുടെ സംരക്ഷണം മുൻനിറുത്തി തീക്കോയി ഗ്രാമപ‌ഞ്ചായത്ത് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ക്രാഷ് ബാരിയർ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് വേലി തീർത്തത്. നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന പ്രദേശമാണ് വാഗമണ്ണിലെ കാരികാട് ടോപ്പ്. വാഹനങ്ങളിലെത്തുന്നവർ വാച്ച് ടവറിന് മുകളിൽ കയറി സെൽഫിയെടുക്കുന്നതും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതും പതിവാണ്. സംരക്ഷഭിത്തിയോ കൈവരികളോ ഇല്ലാത്ത വാച്ച് ടവറിന് മുകളിൽ വിനോദസഞ്ചാരികൾ കയറുന്നത് അപകടസാധ്യതയും വർദ്ധിപ്പിച്ചിരുന്നു. പാതിവഴിയിൽ നിർമ്മാണം മുടങ്ങിയ വാച്ച് ടവറിന് താഴെ മുന്നൂറടി താഴ്ചയിലേറെ കൊക്കയാണ്.

സഞ്ചാരികൾക്ക് ആവേശം

വാച്ച് ടവറിൽ നിന്നാൽ ഇല്ലിക്കൽകല്ലിന്റെ ഉൾപ്പെടെ വിദൂര ദൃശ്യം കാണാൻ സാധിക്കും. ആവേശത്തിലെത്തുന്ന വിനോദസഞ്ചാരികൾ വാച്ച് ടവറിൽ ഓടിക്കയറുന്നതും പതിവാണ്. വാച്ച് ടവർ പൂർണ്ണായും മുള്ളുവേലി ഉപയോഗിച്ച് അടയ്ക്കാനും പദ്ധതിയുണ്ട്.