കട്ടപ്പന: നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുംമുമ്പേ ഇടുക്കി നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥികളെ 'പ്രഖ്യാപിച്ച്' കോൺഗ്രസ് പ്രവർത്തകർ. കെ.പി.സി.സി. ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ, ഡി.സി.സി വൈസ് പ്രസിഡന്റും എ വിഭാഗം നേതാവുമായ ജോയി വെട്ടിക്കുഴി, യു.ഡി.എഫ്. ഇടുക്കി നിയോജക മണ്ഡലം ചെയർമാനും ഐ വിഭാഗം നേതാവുമായ ജോണി കുളംപള്ളി എന്നിവരുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇടുക്കി സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ, ഇടുക്കിയിൽ നിന്നുള്ളവർ സ്ഥാനാർത്ഥിയാകണമെന്നാണ് മറുപക്ഷത്തിന്റെ വാദം. മൂവാറ്റുപുഴ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകി ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് സമൂഹമാദ്ധ്യമങ്ങളിൽ സ്ഥാനാർത്ഥി 'പ്രഖ്യാപനം' ആരംഭിച്ചിരിക്കുന്നത്. നേതാക്കളെ അനുകൂലിച്ചുള്ള പോസ്റ്റുകൾ എ,ഐ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കളടക്കം പങ്കുവച്ചിട്ടുണ്ട്.