തൊടുപുഴ: പകൽ കനത്ത ചൂടും രാത്രി തണുപ്പുമുള്ള കാലാവസ്ഥയായതോടെ ഇടുക്കി ജില്ലയിൽ പനിയടക്കമുള്ള സാംക്രമിക രോഗങ്ങൾ വർദ്ധിച്ചു. ഈ മാസം ഇതുവരെ 1603 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ നാല്പത് പേർ കിടത്തി ചികിത്സയിലാണ്. ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി ലക്ഷണങ്ങളോടെ പത്തിലേറെ പേർ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കെടുത്താൽ രോഗസംഖ്യ ഇനിയും ഉയരും. കഴിഞ്ഞ മാസം 2328 പേർക്ക് പനി ബാധിച്ചിരുന്നു. നവംബറിലും 1600 പേർ പനി ബാധിച്ച് ചികിത്സ തേടിയിരുന്നു.
കൊവിഡ് ഭീതിയിൽ പനി ബാധിക്കുന്നവരെല്ലാം ആശുപത്രിയിലെത്തുന്നതാണ് എണ്ണം വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ പനി ബാധിക്കുന്നവരെ പ്രത്യേക ശ്രദ്ധിക്കുന്നുണ്ട്. ലക്ഷണങ്ങളുള്ളവരെ കൊവിഡ് പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.
ഓരോ ദിവസവും ചൂട് കൂടുന്നതോടെ ചിക്കൻപോക്സും പടർന്ന് പിടിക്കാനുള്ള സാദ്ധ്യതയേറി. പനിക്കൊപ്പം ദേഹത്ത് വെള്ളം നിറഞ്ഞ കുമിളകൾ പോലെയുള്ള തടിപ്പുകൾ കണ്ടാൽ ഡോക്ടറെ കാണണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഈ മാസം ഇതുവരെ ഒമ്പത് പേർ ചിക്കൻപോക്സ് ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെയും സ്വയം ചികിത്സ നടത്തിയവരുടെയും കണക്കെടുത്താൽ എണ്ണം കൂടും.