drone

കോട്ടയം: പുഴ കൈയ്യേറിയാൽ അകത്താവും. കോട്ടയം ജില്ലയിൽ ഡിജിറ്റൽ ഡ്രോൺ സർവേ ആരംഭിച്ചുകഴിഞ്ഞു. ജില്ലയിലെ നദികളിലെയും പുഴകളിലെയും അതിർത്തി കൃത്യമായി രേഖപ്പെടുത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിർത്തി നിർണയത്തിനൊപ്പം കൈയേറ്റം കണ്ടെത്തുന്നതിനും സാധിക്കുമെന്നതാണ് ഡ്രോൺ സർവേയുടെ മെച്ചം. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീപുന‌ർ സംയോജന പദ്ധതി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സർവേ ആരംഭിച്ചിട്ടുള്ളത്. വർഷങ്ങളായി നദീ സർവേ തടസപ്പെട്ടു കിടക്കുകയായിരുന്നു. ഇതോടെ കൈയേറ്റം വ്യാപകമാക്കുകയും ചെയ്തിരുന്നു.

‌ഡ്രോൺ സർവ്വേയ്ക്കുള്ള വിശദമായ പ്രോജക്ട് തയ്യാറാക്കിക്കഴിഞ്ഞു. ഡ്രോൺ സർവ്വേയിലൂടെ പുഴകളുടെ അതിർത്തി കൃത്യമായി നിർണയിക്കാൻ സാധിക്കും. സർവ്വേ പ്ളാൻ പ്രകാരമുള്ള അതിർത്തികളാണ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുക. സർവ്വേ നടത്തുന്നതോടെ നദികളുടെയും പുഴകളുടെയും കൃത്യമായ രേഖ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

രേഖയുടെ അടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ സാധിക്കും.നദീ പുനർ സംയോജന പദ്ധതി,​ ജനകീയ കൂട്ടായ്മ,​ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായിട്ടാണ് ജനകീയ സർവ്വേയാണ് നടത്തുന്നത്.

സർവേ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കുറവും മൂലം കാലാകാലങ്ങളായി നദികളുടെയും പുഴകളുടെയും സർവ്വേ നടപടി നിർജീവമായിരുന്നു. ഇതോടെ കൈയേറ്റം വ്യാപകമായി. പലയിടത്തും നദിയുടെ മുക്കാൽഭാഗവും കൈയേറിയിരിക്കുകയാണ്. ഇത് ഡ്രോൺ സർവേയിൽ കൃത്യമായി കണ്ടെത്താൻ കഴിയും.

കൈയേറ്റം മൂലം പുഴകളുടെ വീതി കുറഞ്ഞ് മാലിന്യം നിറഞ്ഞ് ഒഴുക്കുമുറിഞ്ഞ നദിയുടെ ഭാഗങ്ങൾ കണ്ടെത്താനും സർവേയ്ക്ക് കഴിയും. ഇതിന്റെ അടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിക്കുകയും മാലിന്യം നീക്കം ചെയ്യാൻ ചെയ്യാനും ജനകീയ കൂട്ടായ്മ പദ്ധതി തയ്യാറാക്കുന്നുണ്ട്. കൈയേറ്റം ഒഴിപ്പിക്കുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്യുന്നതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് ജലം എത്തിക്കാനും തോടുകളിലെ ഒഴുക്ക് സുഗമമാക്കാനും സാധിക്കും. തോടുകളും പുഴകളും തെളിച്ചെടുക്കുന്ന പ്രളയരഹിത കോട്ടയം പദ്ധതിയാണ് ഇപ്പോൾ ജനകീയ കൂട്ടായ്മയുടെ ഭാഗമായി നടന്നുവരുന്നത്.