bad

കോട്ടയം : ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ മന്ത്രിസഭക്കെതിരായി 1958 ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു കേരളത്തെ ഇളക്കി മറിച്ച വിമോചനസമരം. 1959 ൽ മന്ത്രിസഭയുടെ പുറത്താക്കലിലാണ് ഇത് കലാശിച്ചത്. ഭൂവുടമസ്ഥതാബന്ധങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ ലക്ഷ്യമിട്ട കാർഷികബന്ധ ബില്ലും വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള സ്വകാര്യ മാനോജ്‌മെന്റുകളുടെ എതിർപ്പും സർക്കാരിനെതിരെയുള്ള പ്രക്ഷോഭസമരമായി വളർന്നതായിരുന്നു വിമോചനസമരം. ക്രൈസ്തവ, എൻ.എസ്.എസ്, മുസ്ലിം സംഘടനകളായിരുന്നു പിന്നിൽ. 1957ഏപ്രിൽ അഞ്ചിനാണ് ഇ.എം.എസ് സർക്കാർ അധികാരത്തിലെത്തിയത്. വിദ്യാഭ്യാസ കാർഷികമേഖലകളിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ മതമേധാവികളെയും ജന്മികളെയും സർക്കാരിന് എതിരാക്കി. കമ്മ്യൂണിസ്റ്റ് ഭരണം ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥർ ഇതിനെ ആളിക്കത്തിച്ചു. .

കോൺഗ്രസ്, പി.എസ്.പി, ആർ.എസ്.പി,മുസ്ലിംലീഗ്, കെ.എസ്.പി പാർട്ടികൾ

വിമോചനസമരത്തിന് നേതൃത്വം കൊടുത്തു. എൻ.എസ്.എസ് ആദ്യം എതിരല്ലായിരുന്നു. പ്രമുഖ മാദ്ധ്യമങ്ങൾ വിമോചന സമരം ആളി കത്തിക്കാൻ ശ്രമിച്ചപ്പോൾ കേരളകൗമുദി മാത്രമായിരുന്നു സർക്കാരിനെ പിന്തുണച്ചത്. പ്രതിഷേധ റാലികൾക്ക് ക്രിസ്ത്യൻ നായർ സമുദായങ്ങളായിരുന്നു സമരത്തിന് മുന്നിട്ടിറിങ്ങിയത്. ചങ്ങനാശേരി പ്രധാന കേന്ദ്രമായി. സ്ത്രീകളുടെ വലിയപങ്കാളിത്തം സമരത്തിന് ഉണ്ടായി. കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന ഇന്ദിരാഗാന്ധി കേരളത്തിൽ സമര കേന്ദ്രങ്ങൾ സന്ദർശിച്ചു. സർക്കാരിനെ പിരിച്ചുവിടാൻ പിതാവ് കൂടിയായ പ്രധാനമന്ത്രി നെഹ്റുവിനോട് നിർദ്ദേശിച്ചു. സമരത്തെ സായുധമായി നേരിടാൻ സർക്കാർ തീരുമാനിച്ചു. അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളിൽ പൊലീസ് വെടിവയ്പ് ഉണ്ടായി. പതിനഞ്ചുപേർ മരിച്ചു. ഫ്ലോറി എന്ന ഗർഭിണിയും കൊല്ലപ്പെട്ടു. ഇതോടെ സമരം രൂക്ഷമായി. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 42745 സ്ത്രീകളടക്കം 177850 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 895 പഞ്ചായത്തുകളിൽ 700ഉം, 29 നഗരസഭകളിൽ 26 ഉം, 30 ബാർ അസോസിയേഷനുകളും സർക്കാരിനെ പുറത്താക്കണമെന്ന് ഗവർണറോട് ആവശ്യട്ടെു. 1959 ൽ മന്ത്രിസഭയെ മനസില്ലാ മനസോടെ പിരിച്ചുവിടാൻ നെഹൃ രാഷ്ട്രപതിയോട് ശുപാർശ ചെയ്തതോടെ സമരം അവസാനിച്ചു. തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.