വൈക്കം : സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിൽ കൃഷിപാഠം പദ്ധതിയിൽപ്പെടുത്തി സ്‌കൂൾ വളപ്പിൽ ഒന്നര ഏക്കർ സ്ഥലത്ത് നടത്തിയ ചീരകൃഷിക്ക് നൂറ് മേനി വിളവ്. 45 ദിവസം കൊണ്ട് വിളവെത്തിയ ചീര കൃഷിക്ക് നല്ല വിപണി ലഭിച്ചതും നേട്ടമായി. സ്റ്റുഡന്റ് പൊലീസ്, എൻ.എസ്.എസ് യൂണിറ്റ്, റെഡ് ക്രോസ് സൊസൈറ്റി, അദ്ധ്യാപകർ എന്നിവരുടെ കൂട്ടായ്മയിലാണ് കൃഷി നടത്തിയത്. തലയാഴം പഞ്ചായത്തിൽ നാല് ഏക്കർ സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയും വൻവിജയമായി. പഞ്ചായത്തിലെ തന്നെ രണ്ടേക്കർ സ്ഥലത്ത് നടത്തിയ നെൽ കൃഷിയുടെ വിളവെടുപ്പും ഏതാനും ദിവസത്തിനള്ളിൽ നടക്കും. പഞ്ചായത്തിൽപ്പെട്ട 20 സെന്റ് സ്ഥലം വീതമുള്ള രണ്ട് കുളങ്ങളിൽ നടത്തുന്ന കരിമീൻ കൃഷിയുടെയും വിളവെടുപ്പിന് ആഴച്ചകൾ മാത്രമാണുള്ളത്. കൃഷിയുടെ പുത്തൻ അറിവുകളാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. വിഷരഹിതമായ പച്ചക്കറിയാണ് പദ്ധതിയുടെ ലക്ഷ്യം. ചീരകൃഷിയുടെ വിളവെടുപ്പ് മഹോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് ശരത്ത് ഉദ്ഘാടനം ചെയ്തു. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ.ബിന്ദു, പ്രിൻസിപ്പൽമാരായ എ.ജ്യോതി, ഷാജി.ടി. കുരുവിള, പ്രഥമ അദ്ധ്യാപിക പി.ആർ ബിജി, എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ പി.ടി ജിനീഷ്,അമൃത പാർവ്വതി, ജിജി ,പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ്.ജയൻ, പ്രീതി വി.പ്രഭ, ജാസ്മിൻ, ഹേന, മിനി വി.അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.