കോട്ടയം :യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡന്റും നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഇടിമിന്നലേറ്റ് അകാലത്തിൽ അന്തരിച്ച ബാബു ചാഴികാടന്റെ വാര്യമുട്ടത്തുള്ള സ്മൃതി മണ്ഡപം കാടുപിടിച്ചു കിടക്കുന്നതിനെ ചൊല്ലി ജോസ്-ജോസഫ് പോര്.
തോമസ് ചാഴികാടൻ എം.പിയുടെ സഹോദരൻ കൂടിയായ ബാബു ചാഴികാടന്റെ സ്മൃതി മണ്ഡപം കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം യൂത്ത് ഫ്രണ്ട് പ്രവർത്തകർ ശ്രമദാനം വഴി വൃത്തിയാക്കിയിരുന്നു.സ്മൃതി മണ്ഡപം സംരക്ഷിക്കാത്തത് വേദനാജനകമാണെന്നും മഴയും വെയിലുമേൽക്കാതിരിക്കാൻ തങ്ങൾ മേൽക്കുരയിട്ടു സംരക്ഷിക്കുമെന്ന് ശ്രമദാനപരിപാടി ഉദ്ഘാടനം ചെയ്ത ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ പരിഹസിച്ചതിനെതിരെ ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം രംഗത്തെത്തിയതോടെയാണ് സ്മൃതി മണ്ഡപവും ഗ്രൂപ്പു പോരിന്റെ പേരിൽ വിവാദമായത്.
ജോസഫ് വിഭാഗം നടപടി അപഹാസ്യമെന്ന് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം മഞ്ഞക്കടമ്പന് മറുപടിയായി പറഞ്ഞു.
ബാബു ചാഴികാടൻ നിര്യാതനായി മൂന്ന് പതിറ്റാണ്ട് ആവുമ്പോഴും ബാബുവിന്റെ ഓർമ്മ നിലനിർത്താൻ യാതൊന്നും ചെയ്യാതിരുന്ന ജോസഫ് വിഭാഗം വാര്യമുട്ടത്തെ ബാബു സ്മൃതിയിൽ ചെയ്ത നടപടി രാഷ്ട്രീയ അൽപ്പത്തമാണ്. കേരളാ കോൺഗ്രസ്സ് (എം) ബാബുവിന്റെ സ്മരണ നിലനിർത്താൻ അന്തർസർവകലാശാല ക്വിസ്സ് മത്സരങ്ങൾ, ദേശീയ ചരിത്ര സെമിനാർ, ആണ്ടുതോറുമുള്ള അനുസ്മരണ സമ്മേളനങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ സ്ഥിരമായി നടത്തുന്നുണ്ട്. ബാബു ഇടിമിന്നലേറ്റ് മരിച്ച വാര്യമുട്ടത്ത് സ്മൃതി മണ്ഡപം നിർമ്മിച്ചതും ജോസ് വിഭാഗമാണ്. ഇക്കാലമത്രയും കാഴ്ചക്കാരായി നിന്നവർ വാര്യമുട്ടത്ത് കാണിച്ചുകൂട്ടിയ നടപടി അപഹാസ്യവും അപലപനീയവുമാണെന്നും സണ്ണി തെക്കേടം കുറ്റപ്പെടുത്തി.