church
ലോണ്‍ട്രി രണ്ടാം ഡിവിഷനിലെ സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ. ദേവാലയം.

 പുതുക്കിപ്പണിത പള്ളി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

കട്ടപ്പന: ലൂസിഫർ സിനിമയിൽ പ്രിയദർശിനി രാംദാസ് കൂടിക്കാഴ്ചയ്ക്കായി സ്റ്റീഫൻ നെടുമ്പള്ളിയെ തേടിയെത്തിയത് അയാളുടെ നിഗൂഢതകൾ നിറഞ്ഞ ജീവിതത്തെ അനുസ്‌മരിപ്പിക്കും വിധമുള്ള ആ പള്ളിമുറ്റത്തായിരുന്നു. തേയിലത്തോട്ടത്തിനു നടുവിലെ പള്ളിയുടെ ഉൾവശത്തെ തലയടർന്ന ക്രിസ്തുവിന്റെ ക്രൂശിത രൂപവും പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയും കാടുകയറിയ സെമിത്തേരിയുമെല്ലാം മോഹൻലാലിന്റെയും മഞ്ജു വാര്യരുടെയും അഭിനയത്തോടൊപ്പം പ്രേക്ഷകരുടെ മനസിൽ ചേക്കേറിയിരുന്നു. സെമിത്തേരിയിലെ അമ്മയുടെ കല്ലറയിലിരുന്നാണ് സ്റ്റീഫൻ നെടുമ്പള്ളി, പ്രിയദർശിനിയോട് കഥ പറയുന്നത്. സിനിമയിലെ നിർണായകമായ ആ കൂടിക്കാഴ്ചയ്ക്ക് വേദിയായത് ഉപ്പുതറ പഞ്ചായത്ത് ലോൺട്രി രണ്ടാം ഡിവിഷനിലെ ഡ്രാക്കുള പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് സി.എസ്.ഐ ദേവാലയമാണ്.
മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി ലൂസിഫർ മാറിയതോടെ ഡ്രാക്കുള പള്ളിയുടെ തലവരയും മാറി. ഷൂട്ടിംഗിനായി പള്ളി വിട്ടുനൽകിയപ്പോൾ, ദേവാലയം നവീകരിച്ച് നൽകാമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നാട്ടുകാർക്ക് വാക്കു നൽകിയിരുന്നു. അതനുസരിച്ച് എട്ട് ലക്ഷം രൂപ ചെലവഴിച്ച് മേൽക്കൂര പുനർ നിർമ്മിച്ച് പള്ളി മോടിപിടിപ്പിച്ചു. ഇപ്പോൾ സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി ലോൺട്രിയിലെ ഡ്രാക്കുള പള്ളിയും പരിസരവും മാറിക്കഴിഞ്ഞു. വാഗമണ്ണിലും തേക്കടിയിലുമെത്തുന്ന സഞ്ചാരികളും ഇവിടെയെത്തി പള്ളി കണ്ടാണ് മടങ്ങുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിംഗ് ഇവിടെയുണ്ടാകുമോയെന്ന ആകാംഷയിലാണ് പ്രദേശവാസികൾ.

 ഡ്രാക്കുള പള്ളിയുടെ കഥ

ഗോത്തിക് ശൈലിയിൽ ബ്രിട്ടീഷുകാർ ഇടുക്കിയിൽ പണിത മൂന്ന് പള്ളികളിൽ അവശേഷിക്കുന്ന ഒന്നാണിത്. മറ്റ് രണ്ടെണ്ണം മൂന്നാറിലും പീരുമേടുമാണുള്ളത്. 1952 ഫെബ്രുവരി 15ന് ജെ.എം. വിൽക്കി എന്ന ബ്രിട്ടീഷുകാരനാണ് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ. പള്ളി സ്ഥാപിച്ചത്. സി.എസ്.ഐ,​ ഓർത്തഡോക്സ്,​ യാക്കോബായ,​ മാർത്തോമ സഭകളിലെ വൈദികർക്ക് ആരാധന നടത്താനാകുന്ന യൂണിയൻ ചർച്ചായിരുന്നെങ്കിലും പിന്നീട് ഓരോ സഭകളും സ്വന്തമായി ദേവാലയങ്ങൾ സ്ഥാപിച്ചതോടെ ലോൺട്രി പള്ളി അനാഥമായി. 18 വർഷം മുമ്പ് പീരുമേട് ടീ കമ്പനി പൂട്ടിയതോടെ ആരാധന പൂർണമായും നിലച്ചു. കാടുകയറി പള്ളി നശിച്ചതോടെ നാട്ടുകാർ ഡ്രാക്കുള പള്ളി എന്ന് വിളിക്കാനും തുടങ്ങി. 2016ൽ പുതിയ വികാരി എത്തിയതോടെയാണ് വീണ്ടും കുർബാന തുടങ്ങിയത്. തുടർന്നാണ് ലൂസിഫറിന്റെ ഷൂട്ടിംഗിന് വിട്ടുനൽകിയത്.