കോട്ടയം: ഒരുമാസത്തിലേറെയായി മരുന്നും ഭക്ഷണവും നൽകാതെ മകൻ മുറിയിൽ പൂട്ടിയിട്ട വൃദ്ധ ദമ്പതികളിൽ ഭർത്താവ് മരിച്ചു. മുണ്ടക്കയം അമ്പനിയിൽ തൊടിയിൽ വീട്ടിൽ പൊടിയനാണ് (80) മരിച്ചത്. ഭാര്യ അമ്മിണി (75) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മകൻ റെജിക്കായി അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ ദമ്പതികളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ആശാവർക്കർ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ മലമൂത്രവിസർജനം നടത്തി അവശനിലയിൽ ഇരുവരെയും കണ്ടെത്തിയത്. വിവരം പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിച്ചു. അമ്മിണിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൊടിയൻ മരിച്ചിരുന്നു. ഇരുവർക്കും മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ റെജി വീട്ടിൽ നിന്ന് സ്ഥലംവിട്ടു. നാട്ടുകാരും ആരോഗ്യ പ്രവർത്തകരും നിർദേശിച്ചതനുസരിച്ച് റെജിയുടെ ഭാര്യ ജാൻസിയാണ് അമ്മിണിക്കൊപ്പം ആശുപത്രിയിലുള്ളത്. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ഇളയമകൻ റെജിയോടൊപ്പമായിരുന്നു താമസം. തൊട്ടടുത്ത മുറിയിൽ റെജിയും ജാൻസിയും താമസമുണ്ടെങ്കിലും മാതാപിതാക്കളെ ശ്രദ്ധിച്ചിരുന്നില്ല. ഇവർ ജോലിക്ക് പോകുമ്പോൾ സമീപവാസികളോ ബന്ധുക്കളോ ഭക്ഷണം നൽകാതിരിക്കാൻ വീടിന് മുന്നിൽ നായയെ കെട്ടിയിട്ടിരുന്നു. മദ്യപാനിയായ റെജി അയൽവാസികളെ അസഭ്യം പറയുന്നത് നിത്യസംഭവമാണ്. ആരും ഇവിടേക്ക് എത്താറില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.
കൂലിപ്പണി ചെയ്താണ് അമ്മിണി നിത്യചെലവ് കണ്ടെത്തിയിരുന്നത്. പ്രായാധിക്യംമൂലം പോകാനാവാതെ വന്നതോടെയാണ് ഒറ്റപ്പെട്ടത്. മുറിയിൽ നിന്ന് ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം കണ്ടെത്തി.
ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ടിട്ടും...
കോട്ടയം: വെളിച്ചവും കാറ്റുമില്ലാത്ത മുറിയിൽ ഭക്ഷണവും പരിചരണവും ലഭിക്കാതെ മാസങ്ങളോളം കിടന്നതിനെ തുടർന്നാണ് ഇരുവർക്കും മാനസിക അസ്വാസ്ഥ്യമുണ്ടായതെന്നാണ് ആരോഗ്യവകുപ്പും പൊലീസും പറയുന്നത്.
ആശാവർക്കർ കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദേശത്തെ വീടുകളിൽ എത്തിയിരുന്നത്. ഇതിനിടെയാണ് ഇവരുടെ അവസ്ഥ അറിഞ്ഞത്. മകനോടും ഭാര്യയോടും ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്നാണ് പഞ്ചായത്തംഗത്തെ അറിയിച്ചത്. അദ്ദേഹം പൊലീസിനെയും മറ്റും അറിയിക്കുകയായിരുന്നു.