പാലാ :രാമപുരം പൊലീസ് സ്റ്റേഷന്റെ സി.സി.ടി.വി ഉദ്ഘാടന സമ്മേളനത്തിനിടെ തുടർച്ചയായി വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥർ അന്വേഷണമാരംഭിച്ചു. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി രാമപുരം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ റെയ്‌നാമോളിൽ നിന്നും വിശദമായ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്.
അതേസമയം രാമപുരം പൊലീസ് സ്റ്റേഷനിൽ നടന്ന സമ്മേളനത്തിന്റെ വിവരങ്ങൾ പൊലീസ് അറിയിച്ചിട്ടില്ലായെന്നാണ് രാമപുരത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മേലധികാരികളോട് വ്യക്തമാക്കിയിരിക്കുന്നത്. ചില പൊലീസ് ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ചു നടത്തിയ ഫോൺ സംഭാഷണം പോലും തെളിവായി നിരത്തുകയാണ് രാമപുരത്തെ ഉദ്യോഗസ്ഥർ. ഇങ്ങനെയൊരു പരിപാടി നടക്കുന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും രാമപുരം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എന്നാൽ കെ.എസ്.ഇ.ബി ഓഫീസിന് ഒരുവിളിപ്പാടകലെ നടന്ന പരിപാടിയെക്കുറിച്ച് അറിയില്ലായെന്ന രാമപുരത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ വാദം ഉന്നത അധികാരികൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇക്കാര്യം വിശദമായി എഴുതി നല്കാനാണ് മേലുദ്യോഗസ്ഥർ രാമപുരം അസി.എക്‌സിക്യുട്ടീവ് എൻജിനീയറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്. സമ്മേളനവിവരം കെ.എസ്.ഇ.ബി രാമപുരം ഓഫീസിൽ അറിയിച്ചതായാണ് രാമപുരം പൊലീസ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ആരാണ് അറിയിച്ചതെന്നോ രേഖാമൂലം അറിയിച്ചിരുന്നോ എന്നോ വ്യക്തമാക്കാൻ ഇപ്പോൾ പൊലീസ് തയ്യാറാകുന്നില്ല. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ രാമപുരം പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമാണ്.