ചങ്ങനാശേരി : തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, കൃഷിവകുപ്പ്, ഹരിത സഹായസ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ വൃത്തിയാക്കാം വിത്തിറക്കാം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.സുവർണ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. സോഷ്യോ ഇക്കണോമിക് യൂണിറ്റ് തയ്യാറാക്കിയ ഹരിതകേരളം പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി പ്രകാശനം ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിത സുരേഷ് പ്രകാശനം ചെയ്തു. ഹരിത കേരളം മിഷൻ കാമ്പയിനിൽ ഒന്നാംഘട്ടത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഹരിതകർമ്മ സേന അംഗങ്ങൾക്കുളള സർട്ടിഫിക്കറ്റ് വിതരണം മാടപ്പളളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രഞ്ജിത്ത് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.രാജു മുഖ്യാതിഥിയായിരുന്നു.