പാലാ: വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരഹൃദയത്തിൽ കുരിശുപള്ളി ജംഗ്ഷനിലെ ഓടകൾ നന്നാക്കുന്നു. പത്തുവർഷത്തിന് ശേഷമാണ് ഓടയുടെ ശുചീകരണം നടക്കുന്നത്.ഓടകളിൽ മണ്ണ് നിറഞ്ഞത് മൂലം ഒറ്റമഴയിൽ തന്നെ കുരിശുപള്ളി ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് പതിവായിരുന്നു. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും വ്യാപാരികൾക്കുമെല്ലാം ദുരിതമായിരുന്നു. നിലവിൽ ഓടയ്ക്ക് മുകളിലെ സ്ലാബ് പൊട്ടിത്തകർന്നതും കാൽനട യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുകയാണ്. ഇക്കാര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് മാണി സി. കാപ്പൻ എം.എൽ.എ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതോടെയാണ് ഓടയുടെ പണികൾക്ക് അനുവാദം ലഭിച്ചത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസ് മുതൽ ആരംഭിച്ച് കുരിശുപള്ളി ജംഗ്ഷനിലൂടെ കടന്ന് ടൗൺ ഹാളിന് സമീപമുള്ള കലുങ്കു വരെയാണ് ഓടയുടെ നവീകരണം നടക്കുക. ഇതിനായി പതിനെട്ട് ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്.ഓടയുടെ ആഴം വർദ്ധിപ്പിക്കും. ഒപ്പം ഓടയിൽ നിറഞ്ഞു കിടക്കുന്ന ലോഡ് കണക്കിന് മണലും നീക്കം ചെയ്യണം. ഇതോടൊപ്പം ബലമുള്ള സ്ലാബുകൾ ഓടയ്ക്ക് മുകളിൽ നിരത്തും. അടുത്തയാഴ്ചയോടെ പണികളാരംഭിക്കാനാണ് തീരുമാനം. ഇതിനു മന്നോടിയായി ഓടയ്ക്ക് സമീപമുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് നാളെ മുതൽ പി.ഡബ്ലി.യു.ഡി അധികാരികൾ നോട്ടീസ് നൽകിത്തുടങ്ങും.


വേണ്ടത് ഒന്നരമാസം


ഒന്നരമാസത്തോളം നിർമ്മാണജോലികൾ നീണ്ടുനിൽക്കാനാണ് സാധ്യത. ഈ സമയം കുരിശുപള്ളി ജംഗ്ഷനിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. പാലാ നഗരസഭ, ട്രാഫിക് പൊലീസ് എന്നിവരുമായി ആലോചിച്ച് വേണ്ട ഗതാഗതക്രമീകരണം ഏർപ്പെടുത്താനാണ് പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം. വാഴയിൽ സാജൻ എന്ന കരാറുകാരനാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യുട്ടീവ് എൻജിനീയർ സന്തോഷ്, അസി. എൻജിനീയർ അനു എന്നിവർ മേൽനോട്ടം വഹിക്കും.