ചങ്ങനാശേരി : കുറിച്ചി ഗ്രാമപഞ്ചായത്തിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു. പുളിമൂട് കവലയ്ക്ക് സമീപം കല്യാണിമുക്കിൽ സ്ഥാപിച്ച 100 കെവിഎ ട്രാൻസ്‌ഫോർമർ ചാർജ്ജ് ചെയ്തതോടെ പ്രദേശത്ത് പുതിയതായി സ്ഥാപിച്ച ട്രാൻസ്‌ഫോമറുകളുടെ എണ്ണം മൂന്നായി. വാഴപ്പള്ളി പഞ്ചായത്തിലെ മുട്ടത്തുപടിയിലും, കുറിച്ചി വൈ.എം.എയിലും സ്ഥാപിച്ച ട്രാൻസ്‌ഫോമറുകൾ ചാർജ്ജ് ചെയ്തിരുന്നു. ഇനി കുറിച്ചി വില്ലേജ്പടിയിലും ഇത്തിത്താനം വൈദ്യരുപടിയിലും സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോമറുകൾ ഉടൻ ചാർജ്ജ് ചെയ്യും. വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതുച്ചിറയിൽ നിന്നും ഒന്നര കിലോമീറ്റർ ലൈൻ വലിച്ച് കളമ്പാട്ടുചിറയിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോമറിൽ എത്തിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. പുത്തൻപാലത്ത് നിന്നും എം.സി റോഡ് മന്ദിരം കവല വഴി പി.പി. ചെറിയാൻ ഭാഗം വരെ മൂന്നു കിലോമിറ്റർ 11 കെ.വി. ലൈൻ സ്ഥാപിക്കുന്ന ജോലികൾ ഭാഗീകമായി പൂർത്തീകരിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇത് പൂർണ്ണമാകുന്നതോടുകൂടി പള്ളത്തുനിന്നുള്ള വൈദ്യുതി കൂടി കുറിച്ചിയിൽ എത്തിക്കാൻ കഴിയും. അമ്പലക്കോടി, അമ്മാനിഭാഗം, ആനമുക്ക് തുടങ്ങിയ പ്രദേശങ്ങളിലും ട്രാൻസ്‌ഫോമറുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കുറിച്ചി കെ.എസ്.ഇ.ബി ഡിവിഷൻ.