പൊൻകുന്നം : ഒരുവർഷത്തിനിടെ കാഞ്ഞിരപ്പള്ളി പൊലീസ് സബ്ഡിവിഷൻ പരിധിയിൽ അപകടത്തിൽ പൊലിഞ്ഞത് 25 പേരുടെ ജീവൻ. 2020 ജനുവരി മുതൽ ഡിസംബർ വരെ നടന്ന അപകടങ്ങളുടെ കണക്കാണിത്. പ്രധാനമായും പി.പി റോഡിലെയും കെ.കെ റോഡിലെയും അപകടങ്ങളാണിവ. 367 അപകടങ്ങളാണ് ഇക്കാലയളവിൽ നടന്നത്. നാനൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കില്ലാത്ത പല അപകടങ്ങളും പൊലീസിനെ അറിയിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ഉണ്ടായിട്ടില്ല. ചെറിയ അപകടങ്ങൾ ഇക്കാലയളവിൽ മുന്നൂറിലേറെ വരും. മഴക്കാലത്തും രാത്രിസമയത്തുമാണ് അപകടങ്ങളേറെയും.
പ്രധാനകാരണം ഡിം ചെയ്യാത്തത്
രാത്രിയിൽ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതെ ഓടിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. തീവ്രപ്രകാശമുള്ള ലൈറ്റുകൾ മൂലം എതിരെ വരുന്ന വാഹനങ്ങൾക്ക് വഴിയാത്രക്കാരെ കാണാനാകാത്തത് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്നു. ഇതിനിടെ ഒറ്റലൈറ്റ് മാത്രമിട്ട് ഓടുന്ന ഹെവി വാഹനങ്ങളും അപകടത്തിനിടയാക്കുന്നുണ്ട്. എതിരെ വരുന്നത് ഇരുചക്രവാഹനമാണെന്ന ധാരണയാണ് ഇത് ഡ്രൈവർമാർക്ക് നൽകുന്നത്.
എൻഫോഴ്‌സ്‌മെന്റ് പരിശോധന വേണം
മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ റോഡുകളിൽ അമിത വേഗം, വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത്, അമിതപ്രകാശം ലൈറ്റുകൾ ഘടിപ്പിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് സഹൃദയവേദി ആവശ്യപ്പെട്ടു. വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റ് ഉള്ള വാഹനങ്ങൾ തുടങ്ങിയവക്കെതിരെയും നടപടി വേണം. ലാലിച്ചൻ പാട്ടപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
367 അപകടങ്ങൾ
400 പേർക്ക് പരിക്ക്