മുണ്ടക്കയം : ഏഴു പതിറ്റാണ്ടോളം പിന്നിട്ട കൊമ്പുകുത്തി ഗവ.ട്രൈബൽ സ്‌കൂളിന് പുതിയ കെട്ടിടം. 2893 ചതുരശ്രമീറ്ററിൽ മൂന്നു നില കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും ശൗചാലയങ്ങളുമുണ്ട്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട കൊമ്പുകുത്തി, ഇടുക്കി ജില്ലയിലെ പെരുവന്താനം എന്നിവിടങ്ങളിൽ നിന്നുളള 114 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ഭൂരിഭാഗവും പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ. ഇവരിൽ പത്തു പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ 13 അദ്ധ്യാപകരും നാല് ഓഫീസ് ജീവനക്കാരുമുണ്ട്.
നിർമ്മാണ ചെലവ് 65 ലക്ഷം
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 65 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. പഴയ സ്‌കൂൾ കെട്ടിടം പൂർണ്ണമായി പൊളിച്ച് രണ്ടു കെട്ടിടങ്ങൾകൂടി നിർമ്മിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.
യാത്രാ സൗകര്യം ഒരുക്കും
മലയോര മേഖലയിലെ യാത്രാക്ലേശം പരിഗണിച്ച് സ്‌കൂൾ തുറക്കുമ്പോൾ കൂടുതൽ കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പ് ഗോത്ര സാരഥി പദ്ധതി പ്രകാരം യാത്രാ സൗകര്യം ഏർപ്പെടുത്തും.