mg

കോട്ടയം : മൊബൈൽ ഫോണുകളിലെ വൈദ്യുതകാന്തിക തരംഗങ്ങളെ തടയാൻ എം.ജി സർവകലാശാല ഗവേഷണത്തിലൂടെ വികസിപ്പിച്ച പോളിമർനാനോ കണങ്ങളുടെ സംയുക്ത പദാർത്ഥത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ്. മഹാത്മാഗാന്ധി സർവകലാശാല ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വികസിപ്പിച്ച സംയുക്തപദാർത്ഥത്തിനാണ് പേറ്റന്റ് ലഭിച്ചത്. മൊബൈൽ ഫോണിൽ നിലവിൽ ഉപയോഗിക്കുന്ന ലോഹങ്ങൾക്ക് പകരം വിലക്കുറവും ഭാരക്കുറവുമുള്ള പുതിയ പദാർത്ഥം ഉപയോഗിക്കാനാവുന്നത് മൊബൈൽ ഇലക്‌ട്രോണിക്‌സ് രംഗത്ത് വലിയ മാറ്റത്തിന് വഴിവയ്ക്കും.

വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, ഡയറക്ടർ പ്രൊഫ. നന്ദകുമാർ കളരിക്കൽ, തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപിക ഡോ.എ.ആർ.അജിത, ഡോ.എം.കെ.അശ്വതി, ഡോ.വി.ജി.ഗീതമ്മ, ഡോ. ലവ്‌ലി പി. മാത്യു എന്നിവർ നടത്തിയ സംയുക്തഗവേഷണത്തിന്റെ ഫലമായാണ് പുതിയ പദാർത്ഥം കണ്ടെത്തിയത്. 2018ലാണ് പേറ്റന്റിനായി സർവകലാശാല കേന്ദ്ര പേറ്റന്റ് ഓഫീസിന് അപേക്ഷ നൽകിയത്. ജനുവരി 15നാണ് പേറ്റന്റ് അനുവദിച്ചത്. ഡോ. എ.ആർ. അജിതയുടെ യു.ജി.സി. ജെ.ആർ.എഫ്. ധനസഹായത്താലാണ് ഗവേഷണം ആരംഭിച്ചത്.

മികച്ച വൈദ്യുതചാലകത

ബയോപോളിമറായ പോളി ട്രൈമെഥിലിന്റെയും വിലകുറഞ്ഞ നിത്യോപയോഗ പോളിമറായ പോളീ പ്രൊപ്പിലിന്റെയും മിശ്രിതം നാനോകണങ്ങളുമായി ചേർത്താണ് പുതിയ പദാർത്ഥം വികസിപ്പിച്ചത്. ഇതിന് മികച്ച വൈദ്യുത ചാലകതയും മെക്കാനിക്കൽ പ്രകടനവും കാഴ്ചവയ്ക്കാൻ കഴിയും.