ചങ്ങനാശേരി : നഗരമദ്ധ്യത്തിൽ ശോചനീയാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി കെട്ടിടത്തിൽ നഗരസഭ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. കെട്ടിടം അപകടാവസ്ഥയിലാണെന്നും, ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി സെൻട്രൽ ട്രാവൻകൂർ ഡെവലപ്പ്‌മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. മധുരാജിന് നിവേദനം നൽകിയിരുന്നു. മുനിസിപ്പൽ ചെയർപേഴ്‌സൺ സന്ധ്യാ മനോജ്, വൈസ് ചെയർമാൻ ബെന്നി ജോസഫ്, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.മധുരാജ്, കൗൺസിലർ സന്തോഷ് ആന്റണി, മുനിസിപ്പൽ എൻജിനിയർ സാജൻ വർഗീസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
50 വർഷത്തെ പഴക്കം
ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന കെട്ടിടം ഏതു സമയവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 50 വർഷം മുൻപ് നിർമ്മിച്ചതാണ് കെട്ടിടം. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കെട്ടിടം നശിക്കാൻ കാരണമെന്നാണ് ആക്ഷേപം. കെട്ടിടത്തിന്റെ പലഭാഗങ്ങളും അടർന്നു വീഴുന്നത് പതിവാണ്. ഭാഗ്യം കൊണ്ടാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്. കോൺക്രീറ്റുകൾ കമ്പികൾ തുരുമ്പെടുത്തും പുറത്തേക്ക് തെളിഞ്ഞും കാണാവുന്ന നിലയിലാണ്.
നിർദ്ദേശം പോയിട്ടും നടപടിയില്ല
25 ലക്ഷം രൂപ മുടക്കിയാൽ പഴക്കം ചെന്ന കെട്ടിടം നവീകരിച്ച് ഉപയോഗപ്രദമാക്കാമെന്ന നിർദേശം കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം മാനേജ്‌മെന്റിന് മുൻപ് നൽകിയിരുന്നു. എന്നാൽ, കാലപ്പഴക്കം ചെന്ന കെട്ടിടം വൻതുക മുടക്കി നവീകരിക്കുന്നത് പ്രയോജനപ്രദമാകില്ലെന്ന അഭിപ്രായമാണ് ഉയർന്നത്. പലിശരഹിത നിക്ഷേപം സ്വീകരിച്ചും പ്ലാൻ ഫണ്ടിൽ നിന്ന് തുക വകയിരുത്തിയും ഷോപ്പിംഗ് കോംപ്ലക്‌സിന് പണം കണ്ടെത്തി നിർമാണം ആരംഭിക്കാൻ നാലുവർഷം മുൻപ് തീരുമാനമെടുത്തെങ്കിലും ഒന്നുമായില്ല.