കട്ടപ്പന: കൃഷി വകുപ്പിന്റെ സർക്കാർ ഇതര ഫാമുകൾക്കുള്ള ഹരിത കീർത്തി സംസ്ഥാന പുരസ്‌കാരം കട്ടപ്പന സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. കാർഷിക മേഖലയിൽ ബാങ്ക് നടത്തിവരുന്ന ഇടപെടലുകളും കർഷകർക്ക് നൽകിവരുന്ന സേവനങ്ങളുമാണ് അവാർഡിനായി പരിഗണിച്ചത്. കട്ടപ്പന അമ്പലക്കവലയിലാണ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ആധുനിക സൗകര്യങ്ങളുള്ള ഫാം പ്രവർത്തിക്കുന്നത്. ഇവിടെ നിന്നു ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ ബാങ്കിന്റെ കീഴിലുള്ള ഇക്കോ ഷോപ്പിലൂടെ വിൽപന നടത്തുന്നു. കൂടാതെ ടിഷ്യൂ കൾച്ചർ ലാബിൽ വിവിധയിനം അത്യുത്പ്പാദന ശേഷിയുള്ള തൈകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്തുവരുന്നു. ഇതോടൊപ്പം റൂറൽ മാർക്കറ്റ്, കാർഷിക നഴ്‌സറി, മണ്ണ്‌വെള്ളം പരിശേവർാധന കേന്ദ്രം എന്നിവയും പ്രവർത്തിക്കുന്നുണ്ട്. വിവിധ സേവനങ്ങൾക്കായി ബാങ്കിന്റെ ഫാർമേഴ്‌സ് സർവീസ് സെന്ററിൽ ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. വർഷങ്ങളായി കാർഷിക രംഗത്ത് മുന്നേറ്റം നടത്താൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് ജോയി വെട്ടിക്കുഴി പറഞ്ഞു. കൃഷിഭവനും സഹകരണ വകുപ്പും നൽകുന്ന സഹായം നല്ല നടത്തിപ്പിന് പ്രോത്സാഹനമാണ്. ഫെബ്രുവരി 10ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങും.