കോട്ടയം: മുണ്ടക്കയത്ത് വീട്ടിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ വൃദ്ധനെ മകൻ പട്ടിണിക്കിട്ട് കൊന്നതാണെന്നതിന് ശക്തമായ സൂചനകൾ. മാസങ്ങളോളം ഭക്ഷണം ഇല്ലാതെ കഴിഞ്ഞിരുന്നതിനാൽ ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നു. ആന്തരികാവയവങ്ങൾ വിദഗ്ദ്ധ പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. ഭക്ഷണം ലഭിക്കാത്തതിന്റെ എല്ലാ ലക്ഷണങ്ങളും പൊടിയനുണ്ടായിരുന്നു. അമ്പനിയിൽ തൊടിയിൽ വീട്ടിൽ പൊടിയനാണ് ഇന്നലെ മരിച്ചത്. മാനസികാസ്വാസ്ഥ്യം കാട്ടിയ പൊടിയന്റെ ഭാര്യ അമ്മിണിയെ (75) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തിട്ടില്ല.
ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്. വെളിച്ചവും കാറ്രും ഇല്ലാത്ത മുറിയിൽ ഭക്ഷണവും പരിചരണവും ലഭിക്കാതെ മാസങ്ങളോളം ഇവർ നരകിച്ചു. കട്ടിലിൽ മലമൂത്ര വിസർജ്യത്തിൽ പുരണ്ടാണ് പൊടിയൻ കിടന്നിരുന്നത്. ദിവസങ്ങൾ പഴക്കമുള്ള ആഹാരസാധങ്ങൾ മുറിക്കുള്ളിൽ കണ്ടെത്തി. ഒറ്റമുറിയിൽ ആരും ശ്രദ്ധിക്കാനില്ലാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു ഈ വൃദ്ധ ദമ്പതികൾ. മുറിയുടെ മുമ്പിൽ വലിയ നീളമുള്ള ചങ്ങലയിൽ നായയെ കെട്ടിയിരുന്നു.
പൊടിയൻ-അമ്മിണി ദമ്പതികൾക്ക് രണ്ട് ആൺമക്കളാണുള്ളത്. ഇളയമകൻ റെജിയോടൊപ്പമായിരുന്നു പൊടിയനും അമ്മിണിയും കഴിഞ്ഞിരുന്നത്. തൊട്ടടുത്ത മുറിയിൽ റെജിയും ഭാര്യ ജാൻസിയും താമസിച്ചിരുന്നത്. എന്നാൽ മാതാപിതാക്കളെ അന്വേഷിക്കാനോ ഭക്ഷണം നൽകാനോ റെജിയോ ഭാര്യയോ കൂട്ടാക്കിയില്ല. അയൽവാസികളെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. വല്ലപ്പോഴും അയൽവാസികൾ ഭക്ഷണവുമായി എത്തിയാൽ അവരെ അസഭ്യവർഷം നടത്തി ഓടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ മകൻ റെജിയുടെ താവളത്തെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൂലിപ്പണിക്കാരനാണ് റെജി. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ പൊടിയൻ കട്ടിലിൽ തളർന്നുകിടക്കുകയായിരുന്നു. അമ്മിണി മാനസികാസ്വാസ്യും കാട്ടിക്കൊണ്ട് എന്തോ പുലമ്പിക്കൊണ്ടിരിക്കയായിരുന്നു. എങ്കിലും ഇടയ്ക്ക് വൃദ്ധമാതാവ് ''അവൻ ഞങ്ങൾക്ക് ഒന്നും തരില്ല. വിശക്കുന്നുവെന്നും...'' പറയുന്നുണ്ടായിരുന്നു. നാട്ടുകാരും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിച്ചതനുസരിച്ച് റെജിയുടെ ഭാര്യ ജാൻസിയാണ് അമ്മിണിക്കൊപ്പം ആശുപത്രിയിലുള്ളത്.