ചങ്ങനാശേരി: പാടങ്ങൾക്കു നടുവിലൂടെയുള്ള ചങ്ങനാശേരി നഗരവുമായി ബന്ധിപ്പിക്കുന്ന പെരുമ്പഴക്കടവ്-പൂവം അപ്രോച്ച് റോഡും പാലവും പൊട്ടി തകർന്നിട്ട് വർഷങ്ങളായി. റോഡിന്റെ ഒരു ഭാഗം റീടാർ ചെയ്‌തെങ്കിലും പാലത്തിനു സമീപം അപ്രോച്ച് റോഡ് ആരംഭിക്കുന്ന ഭാഗം തകർന്നു കിടക്കുകയാണ്. ചങ്ങനാശേരി നഗരസഭയിലെ പനച്ചിക്കാവ് ക്ഷേത്രം വാർഡും പെരുന്ന വെസ്റ്റ് വാർഡും പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡും ചേരുന്ന പ്രദേശത്തെ പെരുമ്പഴക്കടവ് പാലം സഞ്ചാരയോഗ്യമല്ലാതെ കാട് പിടിച്ചു കിടക്കുകയാണ്.
11 വർഷങ്ങൾക്ക് മുൻപാണ് പെരുമ്പഴക്കടവ് - പൂവം അപ്രോച്ച് റോഡ് നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന്റെ തലേദിവസം പാലം ഇടിഞ്ഞുതാഴ്ന്നു. തുടർന്ന് റോഡും പാലവും തകർന്നു. പിന്നീട് ഇവ പുനർനിർമ്മിക്കുന്നതിനായുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ പ്രദേശത്തെ ആളുകൾക്ക് ചങ്ങനാശേരി ടൗണിൽ എത്താൻ ഏക ആശ്രയം ഈ അപ്രോച്ച് റോഡും ഈ വഴി സർവീസ് നടത്തുന്ന പൂവം പള്ളി-ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസുമാണ്. പ്രദേശത്തുള്ളവർക്ക് നഗരത്തിലേക്ക് എത്താനുള്ള ഏക റോഡാണിത്. റോഡ് തകർന്ന് കിടക്കുന്നതിനാൽ സ്‌കൂൾ സമയത്ത് ബസുകളും പ്രദേശത്തേക്ക് വരാൻ മടിക്കുന്നു. പെരുമ്പുഴക്കടവ് പാലത്തിന്റെ സമീപത്ത് തറയോട് വിരിച്ചിട്ടുണ്ടെങ്കിലും ഇത് മുഴുവൻ പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞും ഇളകിയും കിടക്കുകയാണ്.
പാലത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത രീതിയിൽ കാടും പടലവും പടർന്നുപിടിച്ചിട്ടുമുണ്ട്. രാത്രി കാലങ്ങളിൽ ഇതുവഴിയുള്ള സഞ്ചാരം പേടിപ്പിക്കും. ഇഴജന്തുക്കളുടെ ശല്യം അതിരൂക്ഷമാണ്. വഴിവിളക്കുകൾ ഈ ഭാഗത്തേക്ക് കാണാൻ പോലും ഇല്ല. റോഡ് തകർന്നു കിടക്കുന്നതിനാൽ സ്‌കൂൾ സമയത്ത് ബസുകൾ പൂവം പ്രദേശത്തേക്കു വരില്ല. പള്ളി വകയായ ചെറിയ ക്ലിനിക്കാണ് പ്രദേശത്തുകാരുടെ ആശ്രയം. അപ്രോച്ച് റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും പാലംപണി പൂർത്തിയാക്കി ഈ ദുരിതം അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അനുമതി കിട്ടിയിട്ടും നടപടിയില്ല
നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടും പുനർനടപടിയായില്ല. ചങ്ങനാശേരി ടൗണും പൂവം പ്രദേശവുമായി ബന്ധിപ്പിക്കുന്ന റോഡിലെ പെരുമ്പുഴക്കടവ് പാലം നിർമ്മാണത്തിന് സി.എഫ് തോമസ് എം.എൽ.എയുടെ സമയത്ത് ടെൻഡർ വിളിച്ചിരുന്നു. 3 കോടി 90 ലക്ഷം രൂപയുടെ നിർമ്മാണ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. നേരത്തെ നിർവഹിച്ച പാലം നിർമ്മാണ ജോലിയുടെ അവസാനഘട്ടത്തിൽ തകർന്നതിനെ തുടർന്നാണ് പുതിയ പാലത്തിന്റെ നിർമ്മാണം ആവശ്യമായി വന്നത്. പാലത്തിന്റെ നിർമ്മാണ ജോലി നടക്കുമ്പോൾ ജനങ്ങൾക്ക് സഞ്ചരിക്കാനും വാഹനങ്ങൾ കടന്നുപോകാനുമായി ഇപ്പോഴുള്ള താത്ക്കാലിക റോഡ് ബലപ്പെടുത്തുന്നതും ടെൻഡർ ചെയ്തിരിക്കുന്ന ജോലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.